മഞ്ഞുമ്മൽ ബോയ്‌സിലൂടെ ഗുണാ കേവ്‌സ് ട്രെൻഡിംഗായതോടെ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്നത് നിഗൂഢതകൾ നിറഞ്ഞ ഇത്തരം ഗുഹകളാണ്. ആദിമ മനുഷ്യന്റെ കാലം മുതൽ തന്നെ ഗുഹകൾക്ക് മനുഷ്യനുമായി ബന്ധമുണ്ട്. അത്തരത്തിൽ പ്രാചീന കാലഘട്ടത്തിലുണ്ടായിരുന്ന ഒരു ഗുഹയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്.
കശ്മീരിലെ കുപ്‌വാരയിൽ സ്ഥിതി ചെയ്യുന്ന കാലാറൂസ് എന്ന ഗുഹയാണിത്. പ്രകൃതി സൗന്ദര്യം തുളുമ്പുന്ന ഈ ഗുഹയെ കുറിച്ചും പല നിഗൂഢതകൾ ഇന്നും പരക്കുന്നു. റഷ്യൻ കോട്ട എന്നർത്ഥമുള്ള ക്വിലാ-റൂസ് എന്ന പദത്തിൽ നിന്നാണ് കാലാറൂസ് ഗുഹകൾക്ക് പേരു വന്നതെന്നാണ് വിശ്വസിച്ചു പോരുന്നത്. പേര് പോലെ തന്നെ ഇവയ്‌ക്ക് റഷ്യയുമായി ഒരു ബന്ധമുണ്ടെന്നാണ് പ്രദേശവാസികൾ ഇപ്പോഴും വിശ്വസിക്കുന്നത്. മൂന്ന് ഗുഹകളടങ്ങിയ കാലാറൂസ് ഗുഹയിൽ റഷ്യയിലേക്കെത്തുന്ന തുരങ്ക പാതയുണ്ടെന്നാണ് സമീപവാസികൾ പറയുന്നത്. തുരങ്കത്തിന്റെ ഒരു ഭാഗം കശ്മീരിലും മറ്റേ ഭാഗം റഷ്യയിലുമാണുള്ളതെന്നും ഇവർ പറയുന്നു.
ട്രംഖാൻ എന്നറിയപ്പെടുന്ന വലിയ ഭാഗമാണ് കാലാറൂസ് ഗുഹയിലെ പ്രധാന ഭാഗം. ഗുഹയ്‌ക്കുള്ള പ്രാചീന മനുഷ്യരുടെ ലിപികൾ പോലുള്ള അജ്ഞാത ഭാഷയിൽ എഴുതിയിരിക്കുന്ന ഒരു ബോർഡുമുണ്ട്. മഞ്ഞുകാലത്ത് കശ്മീർ മഞ്ഞുപാളികൾ കൊണ്ട് മൂടുമ്പോൾ ഈ തുരങ്കത്തിലൂടെയാണ് ആളുകൾ റഷ്യയിലേക്കും അവിടെ നിന്നും കശ്മീരിലേക്കും എത്തിയിരുന്നതെന്നാണ് ഇവിടെയുള്ളവർ വിശ്വസിച്ചു പോരുന്നത്. ഇത്തരത്തിലുള്ള നിഗൂഢതകൾ നിറഞ്ഞ ഗുഹയെ കുറിച്ച് ഗവേഷകൾ പഠനം നടത്തിയെങ്കിലും ഇവർക്ക് റഷ്യയിലേക്ക് പോകുന്ന രഹസ്യപാത കണ്ടെത്താൻ സാധിച്ചില്ലെന്നതാണ് യാഥാർത്ഥ്യം. എന്നാലും കെട്ടുക്കഥകളും നിഗൂഢതകളും നിറഞ്ഞ് ഇപ്പോഴും കാലാറൂസ് ഗുഹ കുപ്‌വാരയിൽ തലയുയർത്തി നിൽക്കുന്നു.















