ന്യൂഡൽഹി: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ കാനഡയുടെ വാദങ്ങൾ തള്ളി ന്യൂസിലൻഡ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ വിൻസ്റ്റൺ പീറ്റേഴ്‌സ്. കാനഡയുടെ പ്രധാന സഖ്യകക്ഷികളിൽ ഒന്നാണ് ന്യൂസിലൻഡ്. വിഷയത്തിൽ ഇന്ത്യൻ പങ്ക് തെളിയിക്കുന്ന രേഖകളൊന്നും കാനഡ പുറത്തുവിട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യക്കെതിരെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉന്നയിച്ച ആരോപണങ്ങളുടെ മുനയൊടിക്കുന്നതാണ് ഈ വെളിപ്പെടുത്തൽ.
പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തെച്ചൊല്ലി ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തിലുണ്ടായ ഉലച്ചിലിനിടെയാണ് വിൻസ്റ്റൺ പീറ്റേഴ്‌സിന്റെ വാക്കുകൾ. ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് വിൻസ്റ്റൺ പീറ്റേഴ്‌സ് കാനഡയുടെ ആരോപണങ്ങളെ ചോദ്യം ചെയ്തത്. ആരോപണം സ്ഥാപിക്കാൻ ഉതകുന്ന തെളിവുകളൊന്നും കാനഡ പങ്കുവച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
നിരോധിത സംഘനയായ ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ് തലവനായ ഹർദീപ് സിംഗ് നിജ്ജാർ കാനഡയിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ജൂണിൽ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരയ്‌ക്ക് പുറത്തുവച്ചാണ് നിജ്ജാറിന് വെടിയേറ്റത്. എന്നാൽ ഇതിന് പിന്നിൽ ഇന്ത്യയാണെന്നായിരുന്നു കനേഡിയൻ പ്രധാനമന്ത്രി ട്രൂഡോ അവകാശപ്പെട്ടത്. ഇന്ത്യ ഈ ആരോപണത്തെ ശക്തമായി എതിർത്തു. പിന്നാലെ ഇന്ത്യ- കാനഡ നയതന്ത്ര ബന്ധം തകരാറിലാവുകയായിരുന്നു.