മലയാളികളെയും മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തെയും വിമർശിച്ച എഴുത്തുകാരൻ ജയമോഹന്റെ കുറിപ്പ് ഏറെ വിവാദമായി മാറിയിരിക്കുകയാണ്. ജയമോഹന്റെ വാക്കുകൾ സംഘപരിവാറിന്റേതാണെന്ന് പറഞ്ഞും നിരവധിപേർ രംഗത്ത് വന്നിരുന്നു. വിഷയത്തിൽ ജയമോഹനെതിരെ രൂക്ഷപ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നിർമ്മാതാവ് സുരേഷ് കുമാർ. ജയമോഹൻ പറഞ്ഞത് ഒരിക്കലും സംഘപരിവാറിന്റെ അഭിപ്രായമല്ലെന്നാണ് സുരേഷ്കുമാർ പറഞ്ഞത്. ഒന്നോ രണ്ടോ സിനിമ ചെയ്ത ജയമോഹന് മലയാള സിനിമയെ വിമർശിക്കാൻ ഒരു അധികാരവുമില്ലെന്ന് സുരേഷ് കുമാർ വ്യക്തമാക്കി.
‘ജയമോഹൻ പറഞ്ഞത് തെമ്മാടിത്തരമാണ്. സംഘപരിവാറിന്റെ അഭിപ്രായമല്ല അയാൾ പറഞ്ഞത്. തമിഴ് സിനിമയെക്കുറിച്ച് ജയമോഹൻ ഇങ്ങനെ പറയുമോ? തമിഴ് സിനിമ ആകെ മദ്യപാനികളാണെന്ന് പറഞ്ഞാൽ ജയമോഹനെ തൂക്കിയെടുത്ത് കളിക്കാവിളയിൽ കൊണ്ടിടും. ഒന്നോ രണ്ടോ മലയാള സിനിമ ചെയ്തിട്ടുള്ള ജയമോഹന് മലയാള സിനിമയെ വിലയിരുത്താന്‍ യാതൊരുവിധ അർഹതയുമില്ല.
നമ്മുടെ ചെറുപ്പക്കാർ ഉണ്ടാക്കുന്ന സിനിമകൾ രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഈ അവസരത്തിലാണ് മലയാള സിനിമയെ ചെറുത്താക്കാൻ അദ്ദേഹം ശ്രമിക്കുന്നത്. തമിഴ്നാട്ടിൽ ആരും മദ്യപിക്കുന്നില്ലേ? അങ്ങനെയെങ്കിൽ അവിടത്തെ ടാസ്മാക്കുകള്‍ പൂട്ടാന്‍ പറയണം.’- സുരേഷ്കുമാർ പറഞ്ഞു.
മഞ്ഞുമ്മൽ ബോയ്സ് തന്നെ അലോസരപ്പെടുത്തിയ ചിത്രമാണെന്നാണ് ജയമോഹൻ ബ്ലോഗിൽ കുറിച്ചത്. മലയാളികള്‍ക്ക് മദ്യപിക്കാനും ഛര്‍ദ്ദിക്കാനുമല്ലാതെ വേറൊന്നും അറിയില്ല. മയക്കുമരുന്നിന് അടിമകളായ എറണാകുളത്തെ ഒരു ചെറുസംഘമാണ് മലയാള സിനിമയുടെ കേന്ദ്രബിന്ദു. മദ്യപിക്കാതെ സന്തോഷത്തോടെ സംസാരിക്കുന്ന ആരും തന്നെ മലയാള സിനിമയിൽ ഇല്ലെന്നുമാണ് ജയമോഹൻ കുറിച്ചത്. ‘മഞ്ഞുമ്മല്‍ ബോയ്സ്- കുടിച്ചുകൂത്താടുന്ന തെണ്ടികൾ’ എന്ന തലക്കെട്ടോടെയാണ് ജയമോഹൻ ബ്ലോഗിൽ പോസ്റ്റ് പങ്കുവച്ചത്.