ചെന്നൈ: മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിലെ പ്രസിദ്ധമായ ചിത്തിരൈ മഹോത്സവം ഏപ്രിൽ 12-ന് ആരംഭിക്കും. 12 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം ഏപ്രിൽ 23-നാണ് സമാപിക്കുന്നത്. രാവിലെ 9.55 നും 10.19 നും ഇടയിലാണ് ഉത്സവത്തിന്റെ കൊടിയേറ്റം നടക്കുക.
മീനാക്ഷി തിരുകല്യാണം എന്നറിയപ്പെടുന്ന ചിത്തിരൈ ഉത്സവം മീനാക്ഷി ദേവിയുടെയും ഭഗവാൻ സുന്ദരേശ്വരന്റെയും സ്വർഗീയ സംഗമമായി ആഘോഷിക്കുന്നു. ചിത്തിരൈ ഉത്സവത്തോടനുബന്ധിച്ച് ഏപ്രിൽ 19-ന് പട്ടാഭിഷേകവും 20-ന് പ്രത്യേക പൂജകളും നടക്കും. തുടർന്ന് 21-ന് മീനാക്ഷി-സുന്ദരേശ്വരർ മംഗലം ചടങ്ങുകൾ നടക്കും. ഇവയാണ് ഉത്സവത്തിന്റെ പ്രധാന ചടങ്ങുകൾ.
രഥോത്സവത്തോടൊപ്പം ക്ഷേത്രത്തിൽ നടക്കുന്ന മറ്റ് പ്രധാന ചടങ്ങുകളുടെ ക്രമീകരണവും പൂർത്തിയായതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. 12 ദിവസത്തെ ഈ മഹോത്സവത്തിൽ പങ്കെടുക്കാൻ വിവിധയിടങ്ങളിൽ നിന്നും നിരവധി ഭക്തർ മധുരയിലെത്തും. ദിവസങ്ങളോളം മധുരയിലും ക്ഷേത്ര പരിസരത്തും തങ്ങിയാണ് ഭക്തർ ചിത്തിരൈ മഹോത്സവത്തിൽ പങ്കെടുക്കുന്നത്. മധുരയിലെ പ്രശസ്ത ഉത്സവം കാണാൻ എല്ലാ വർഷവും വിദേശ വിനോദസഞ്ചാരികളുൾപ്പെടെ ക്ഷേത്രത്തിലെത്തും.















