ഹൈദരാബാദ്: സായുധ സേനയെ മാറ്റിമറിക്കാൻ കെൽപ്പുള്ള പരീക്ഷണമാണ് അഗ്നി-5 മിസൈൽ പരീക്ഷണത്തിലൂടെ കരസ്ഥമാക്കിയതെന്ന് ഡിആർഡിഒ മുൻ ചെയർമാൻ സതീഷ് റെഡ്ഡി. തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര മിസൈൽ ശേഖരത്തിലെ ഏറ്റവും പുതിയ മിസൈലാണ് അഗ്നി-5 എന്നും ഒന്നിലേറെ ലക്ഷ്യങ്ങളെ തകർക്കാൻ ഇതിന് ശേഷിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
5,500 കിലോമീറ്ററാണ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ ഭൂപരിധി. 17 മീറ്റർ നീളവും 50 ടൺ ഭാരവുമാണ് അഗ്നി മിസൈലിനുള്ളത്. നൂറുകണക്കിന് അകലെയുള്ള ഒന്നിലധികം ലക്ഷ്യങ്ങളെ ഒരേ സമയം തകർക്കാൻ ഇതിന് കഴിയുമെന്നും സതീഷ് പറഞ്ഞു. മിസെെൽ സംവിധാനത്തെ പൂർണമായും ഇല്ലാതാക്കുന്നതിനാൽ ശത്രുവിന് ചെറുത്ത് നിൽക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ മിഷൻ ദിവ്യാസ്ത്ര സായുധ സേനയുടെ തലവര മാറ്റി മറിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ പിന്തുണയും ദൗത്യത്തിൽ ബൃഹത്തായ പങ്ക് വഹിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശാസ്ത്രജ്ഞർക്ക് മാർഗനിർദ്ദേശങ്ങൾ അദ്ദേഹം നൽകുകയും ചെയ്തുവെന്ന് റെഡ്ഡി കൂട്ടിച്ചേർത്തു. മിഷനിൽ സ്ത്രീകളുടെ പങ്കും വളരെ വലുതാണ്. പ്രതിരോധ, ഗവേഷണ മേഖലയിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർദ്ധിച്ചു. ഡിആർഡിഒയുടെ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് വനിതകളാണ്. അത്തരത്തിലൊരു കരുത്തുറ്റ വനിതയാണ് ദിവ്യാസ്ത്ര മിഷന്റെ പ്രൊജക്ട് ഡയറക്ടർ മലയാളിയായ ഷീന റാണിയെന്നും അദ്ദേഹം വ്യക്തമാക്കി.