ന്യൂഡൽഹി: അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിൽ 12 പേർ അറസ്റ്റിൽ. നാല് സംസ്ഥാനങ്ങളിലായി റവന്യൂ വകുപ്പ് നടത്തിയ പരിശോധനയിലാണ് സ്വർണക്കടത്ത് സംഘത്തെ പിടികൂടിയത്. 40 കോടി രൂപ വിലമതിക്കുന്ന 61 കിലോ സ്വർണമാണ് പ്രതികൾ കടത്താൻ ശ്രമിച്ചത്. രാജ്യ വ്യാപകമായി നടന്ന ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് റൈസിംഗ് സൺ എന്ന ഓപ്പറേഷനിലാണ് പ്രതികൾ വലയിലായത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഓപ്പറേഷൻ നടത്തിയതായും ഇതുവരെ 12 പേരെ അറസ്റ്റ് ചെയ്തതായും റവന്യൂ വകുപ്പ് അറിയിച്ചു. ഇതിന്റെ ചിത്രങ്ങളും റവന്യൂ വകുപ്പ് എക്സിൽ പങ്കുവച്ചു. രാജ്യ വ്യാപകമായാണ് ഈ ഓപ്പറേഷൻ നടന്നത്. ഗുവാഹത്തി, ബാർപേട്ട, മുസാഫർപൂർ, അരാരിയ, ഗോരഖ്പൂർ എന്നിവിടങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽ നിന്നും 19 വാഹനങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
ഈ മാസം എട്ടിന് മുംബൈയിൽ നടന്ന പരിശോധനയിൽ ഒരു സ്വർണക്കടത്ത് സംഘത്തെ പിടികൂടിയിരുന്നു. 10.48 കോടി വിലമതിക്കുന്ന 16.47 കിലോഗ്രാം സ്വർണവും 2.65 കോടി രൂപയുമാണ് പിടിച്ചെടുത്തത്. കള്ളക്കടത്തിന്റെ സൂത്രധാരൻ ഉൾപ്പെടെ ആറ് പേരെയാണ് ഈ ഓപ്പറേഷനിലൂടെ പിടികൂടിയത്.















