വിവിഐപി കാറുകളുടെ ടയർ മാറ്റാനും അറ്റകുറ്റപ്പണി നടത്താനുമായി ധനവകുപ്പിനോട് 2.7 കോടി പാകിസ്താൻ രൂപ ആവശ്യപ്പെട്ട് പഞ്ചാബ് പ്രവിശ്യയിലെ പുതിയ മുഖ്യമന്ത്രി. മറിയം നവാസാണ് ബുള്ളറ്റ് പ്രൂഫ് ബെൻസിന്റെ ടയർ മാറ്റാൻ പണം ആവശ്യപ്പെട്ടത്. പാകിസ്താൻ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകവെയാണ് മറിയത്തിന്റെ പുതിയ ആവശ്യം.
മുഖ്യമന്ത്രിയുടെ ഓഫീസ് കത്തിലാണ് ഇക്കാര്യം ധനവകുപ്പിനോട് ആവശ്യപ്പെട്ടത്. അടിയന്തരമായി ബെൻസ് 600-എല്ലിന്റെ ടയറുകൾ മാറ്റണമെന്നാണ് ആവശ്യം. മുഖ്യമന്ത്രി സഞ്ചരിക്കുന്ന കാറുകളുടേതാണ് മാറ്റേണ്ടത്. അഞ്ചു ടയറുകളാണ് മാറ്റേണ്ടതെന്നും വ്യക്തമാക്കുന്നു.
സ്വകാര്യ വാർത്താ ചാനലിനോട് സംസാരിച്ച പഞ്ചാബ് ഇൻഫർമേഷൻ മന്ത്രി ഉസ്മ ബുഖാരി ആവശ്യത്തെ ന്യായീകരിച്ചു. ഔദ്യോഗിക വാഹനങ്ങളുടെ അറ്റകുറ്റപ്പണികളും മറ്റു ചെലവുകളും പതിവ് ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു.ഇത് വലിയ വാർത്തയാക്കേണ്ട കാര്യങ്ങളൊന്നുമില്ലെന്നും ഉസ്മ പറഞ്ഞു. അതേസമയം പാകിസ്താനിൽ പുതുതായി ചുമലതയേറ്റ പ്രസിഡന്റ് ശമ്പളം വേണ്ടെന്ന് വച്ചിരുന്നു. രാജ്യത്തിന്റെ ധനസ്ഥിതി പരിഗണിച്ചായിരുന്നു തീരുമാനം.