ധനുഷും തെലുങ്ക് സൂപ്പർ സ്റ്റാർ നാഗർജ്ജുന അക്കിനേനിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് കുബേര. ശേഖർ കമ്മൂല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ആരംഭിച്ചിരിക്കുകയാണ്. ബാങ്കോക്കിലാണ് പുതിയ ഷെഡ്യൂൾ ആരംഭിച്ചിരിക്കുന്നത്. ചിത്രീകരണത്തിനിടെയുള്ള നാഗാർജ്ജുനയുടെയും ശേഖർ കമ്മൂലയുടെയും ചിത്രവും പുറത്തുവന്നിരുന്നു.
രശ്മിക മന്ദാനയാണ് കുബേരയിലെ നായിക. തിരുപ്പതിയിലാണ് ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം നടന്നത്. ആദ്യ ഷെഡ്യൂളിൽ ധനുഷിന്റെയും രശ്മികയുടെയും രംഗങ്ങളാണ് ചിത്രീകരിച്ചിരുന്നത്. മഹാശിവരാത്രി ദിനത്തിലാണ് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം നടന്നത്. ധനുഷ് യാചകന്റെ വേഷത്തിലുളള പോസ്റ്ററും ശ്രദ്ധനേടിയിരുന്നു. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
ഡ്രീംസ് എന്റർടെയ്ൻമെന്റ് യുകെയാണ് ചിത്രം വിതരണം ചെയ്യുന്നത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ശ്രീ വെങ്കിടേശ്വര സിനിമാസിന്റെയും അമിഗോസ് ക്രിയേഷൻസിന്റെയും ബാനറിൽ നാരായൺ ദാസ് കെ നാരംഗ്, സുനിൽ നാരംഗ്, പുസ്‌കൂർ റാം മോഹൻ റാവു എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഹാപ്പി ഡെയ്‌സ്, ലൗ സ്റ്റോറി, ഫിദ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ശേഖർ കമ്മൂലയുടെ ആദ്യ തമിഴ് ചിത്രമാണ് കുബേര. ഈ വർഷം പകുതിയോടെ കുബേര തിയേറ്ററുകളിലെത്തുമെന്നാണ് വിവരം.