പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. യുവതാരങ്ങളെ അണിനിരത്തി വിനീത് ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഓഡിയോ ഗാനങ്ങൾ പുറത്തുവിട്ടു. ആറ് ഗാനങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. അമൃത് രാംനാഥാണ് ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത്. ഓഡിയോ ഗാനങ്ങൾ പുറത്തുവിട്ട വിവരം വിനീത് ശ്രീനിവാസൻ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.
‘വർഷങ്ങൾക്ക് ശേഷത്തിന്റെ ഓഡിയോ ജൂക്ക്ബോക്സ് നിങ്ങളുമായി പങ്കുവക്കുന്നു. നവാഗത സംഗീത സംവിധായകൻ അമൃത് രാംനാഥ് ആണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. നാല് ട്രാക്കുകൾ കൂടി ഉടൻ പുറത്തിറങ്ങും. ചിത്രത്തിലെ ഗാനങ്ങളുടെ ആദ്യ ബാച്ച് നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.. ദയവായി ഹെഡ്‌ഫോൺ ഉപയോഗിക്കുക!’ എന്നായിരുന്നു സമൂഹമാദ്ധ്യമങ്ങളിൽ വിനീത് പങ്കുവച്ച കുറിപ്പ്.
ചിത്രത്തിലെ ആദ്യ ഗാനം ഇതിനോടകം മികച്ച അഭിപ്രായം നേടി. വിനീത് ശ്രീനിവാസനാണ് ആദ്യഗാനം ആലപിച്ചിരിക്കുന്നത്. പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ യുവതാരനിര തന്നെ അണിനിരക്കുന്നുണ്ട്. കല്യാണി പ്രിയദർശനാണ് ചിത്രത്തിലെ നായിക. നിവിൻ പോളി, അജു വർഗീസ്, നീരജ് മാധവ്, ബേസിൽ ജോസഫ് എന്നീ താരങ്ങളും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും വീണ്ടും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് വർഷങ്ങൾക്ക് ശേഷം. വിവിധ കാലഘട്ടങ്ങളിൽ നടക്കുന്ന കഥയാണ് ചിത്രത്തിൽ പറയുന്നത്. നാല് ലുക്കിലാണ് ധ്യാനും പ്രണവും എത്തുന്നത്. മലയാളികൾക്ക് വിഷുക്കൈനീട്ടമായി എത്തുന്ന ചിത്രത്തെ ആരാധകർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.