കുട്ടികളുടെ പ്രിയപ്പെട്ട സൂപ്പർ ഹീറോ കാർട്ടൂണായ ഛോട്ടാ ഭീം ചലച്ചിത്രമാകുന്നു. ആക്ഷൻ പാക്ക്ഡ് സൂപ്പർ ഹീറോ ചിത്രമെന്ന നിലയ്‌ക്കാണ് ‘ഛോട്ടാ ഭീം ആൻഡ് ദ കഴ്‌സ് ഓഫ് ദമ്യാൻ’ അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തിറക്കി. ചിത്രം മേയ് 24ന് തിയേറ്ററുകളിൽ എത്തും.നടൻ അനുപം ഖേറാണ് ചിത്രത്തിൽ ഗുരു ശംഭുവായി വേഷമിടുന്നത്.
ധോലക്പൂരിന്റെ ആകാശക്കാഴ്ചകളോടെയാണ് ടീസർ ആരംഭിക്കുന്നത്. ഭീമും സുഹൃത്തുക്കളും ധോലക്പൂരിനെ ദുഷ്ടശക്തികളിൽ നിന്ന് രക്ഷിക്കാൻ നടത്തുന്ന ശ്രമമാണ് സിനിമയുടെ ഇതിവൃത്തം. മികച്ച ആക്ഷൻ-വിഎഫ്എക്സ് രംഗങ്ങൾ ഉൾക്കൊള്ളിച്ചാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. ഭീമിന്റെ സുഹൃത്തുക്കളായ ചുട്കി, രാജു, ജഗ്ഗു, കാലിയ, ധോലു, ഭോലു, ഇന്ദുമതി എന്നിവരെയും ടീസറിൽ പരിചയപ്പെടുത്തുന്നു.
ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബാലതാരം യഗ്യാ ഭാസിനാണ്. മകരന്ദ് ദേശ്പാണ്ഡെയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആശ്രിയ മിശ്ര ചുട്കിയായി എത്തുമ്പോൾ സുരഭി തിവാരി ടുൺടുൺ മൗസിയായി വേഷമിടുന്നു. രാജീവ് ചിലക്കയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.















