കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആശുപത്രി വിട്ടു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്നാണ് ആശുപത്രി വിട്ടത്. നെറ്റിയ്‌ക്ക് പൊട്ടലുള്ളതിനാൽ വിശ്രമിക്കാനാണ് ആശുപത്രി അധികൃതരുടെ നിർദ്ദേശം. ആശുപത്രിയിൽ നിന്നും വസതിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും നാളെ വീണ്ടും ആശുപത്രിയിലെത്തി പരിശോധന നടത്തുമെന്നും തൃണമൂൽ നേതാക്കൾ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് മമതയ്‌ക്ക് പരിക്കേറ്റത്. വീട്ടിൽ വച്ചാണ് അപകടമുണ്ടായത്. കാൽ വഴുതി വീട്ടിലെ ഫർണിച്ചറിൽ തല ഇടിക്കുകയായിരുന്നു. നെറ്റിയുടെ നടുവിൽ ആഴത്തിലുള്ള മുറിവും രക്തവുമായി ആശുപത്രി കിടക്കയിൽ തുടരുന്ന മമതയുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കൊൽക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയിലാണ് മമതയെ പ്രവേശിപ്പിച്ചിരുന്നത്.
അപകട വാർത്ത അറിഞ്ഞതിന് പിന്നാലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുകാന്ത മജുംദാർ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. മമതാ ബാനർജി വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അതിനായി പ്രാർത്ഥിക്കുന്നുവെന്നും സുകാന്ത മജുംദാർ എക്സിൽ കുറിച്ചു.















