ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു മമ്മൂട്ടിയുടെ ഭ്രമയുഗം. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിൽ മികച്ച വിജയം നേടിയിരുന്നു. 60 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രം ഈ വർഷത്തെ ഹിറ്റുകളിലൊന്ന് കൂടിയാണ്. ഇപ്പോഴിതാ ഭ്രമയുഗം സോണി ലൈവിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. ഫെബ്രുവരി 16 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ഒരു മാസത്തിന് ശേഷമാണ് ചിത്രം ഒടിടിയിൽ എത്തുന്നത്.
ഫെബ്രുവരി 16 ന് തിയേറ്ററുകളിലെത്തിയ തുണ്ട് എന്ന ചിത്രവും ഇന്ന് ഒടിടിയിൽ എത്തി. ബിജു മേനോൻ നായകനായ ഫാമിലി എന്റർടെയ്‌നർ ചിത്രം നെറ്റ്ഫ്‌ലിക്‌സിലാണ് സ്ട്രീമിംഗ് ആരംഭിച്ചത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും ചിത്രം കാണാൻ സാധിക്കും. റിയാസ് ഷെരീഫ് തിരക്കഥ എഴുതി സംവിധാനം ചെയ്ത തുണ്ടിന് തിയേറ്ററുകളിൽ മികച്ച സ്വീകരണമാണ് ലഭിച്ചത്. ചിത്രത്തിൽ പോലീസ് വേഷത്തിലാണ് ബിജു മേനോൻ എത്തിയത്.
ജനുവരി ആദ്യവാരം തിയേറ്ററുകളിലെത്തിയ ജയാറാം- മമ്മൂട്ടി ചിത്രം ഓസ്‌ലറും ഈ മാസം ഒടിടിയിൽ എത്തും. ചിത്രം മാർച്ച് 20ന് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ സ്ട്രീമിംഗ് ആരംഭിക്കും. മെഡിക്കൽ ത്രില്ലർ ചിത്രത്തിന് കേരളത്തിലെ തിയേറ്ററുകളിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. മിഥുൻ മാനുവൽ തോമസാണ് ചിത്രം സംവിധാനം ചെയ്തത്. അനശ്വര രാജനും പ്രധാന വേഷത്തിൽ എത്തിയിരുന്നു.















