തിരുവനന്തപുരം: ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വ്യായാമത്തിന് വരുന്നവർക്കായി ചുമത്തുന്ന പ്രവേശന നിരക്ക് വർദ്ധിപ്പിച്ചതിൽ വ്യാപക പ്രതിഷേധം. സാധാരണക്കാർക്ക് ഏറെ ഉപയോഗപ്രദമായിരുന്ന സംവിധാനത്തിന് ഉയർന്ന നിരക്ക് ചുമത്തിയതോടെ വളരെ കുറഞ്ഞ തുകയ്‌ക്ക് ആരോഗ്യപരിപാലനം ചെയ്തിരുന്ന നൂറുകണക്കിനാളുകൾക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.
സ്റ്റേഡിയത്തിൽ നടക്കാനും വ്യായാമം ചെയ്യാനും ജിം ഉപയോഗിക്കാനും പ്രവേശിപ്പിക്കണമെങ്കിൽ ഇനി വലിയ തുക നൽകേണ്ടി വരും. ട്രാക്കിൽ നടക്കുന്നതിനും ജിം ഉപയോഗിക്കുന്നതിനും വാർഷിക ഫീസായി 10,000 രൂപ നൽകണമെന്നാണ് പുതിയ തീരുമാനം. ഇത് നേരത്തെ 7,500 രൂപയായിരുന്നു. സർക്കാർ ഉദ്യോഗസ്ഥരുടെയും പോലീസുകാരുടെയും പ്രവേശന നിരക്കിൽ വ്യത്യാസമുണ്ട്. കുടുംബാംഗങ്ങൾക്ക് പാക്കേജ് ഉണ്ടായിരുന്നത് നേരത്തെ തന്നെ നിർത്തലാക്കിയിരുന്നു. ഇപ്പോൾ കുടുംബാംഗങ്ങൾ ഓരോരുത്തരും പ്രത്യേക തുക നൽകണമെന്നാണ് നിയമം.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിരക്ക് ഉയർത്തിയപ്പോൾ എൽഡിഎഫിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചവർ തന്നെയാണ് ഇപ്പോൾ നിരക്ക് വർദ്ധനവിന് കൂട്ടുനിൽക്കുന്നതെന്നാണ് ആക്ഷേപം. കൊറോണ മഹാമാരിക്ക് പിന്നാലെ പൊതുജനങ്ങളിൽ ആരോഗ്യപരിപാലനത്തെ കുറിച്ച് ബോധവത്കരണം നടത്തുന്ന സർക്കാർ തന്നെ അതിനായുള്ള സജ്ജീകരണങ്ങൾക്ക് തടയിടുകയാണെന്നും വിമർശനമുണ്ട്. എട്ട് വർഷത്തിന് ശേഷമാണ് നിരക്ക് കൂട്ടുന്നതെന്നാണ് സ്റ്റേഡിയം നടത്തിപ്പിന്റെ ചുമതലയുള്ള പോലീസ് അവകാശപ്പെടുന്നത്.















