കേന്ദ്ര സായുധ പോലീസ് സേനകളിലേക്കും ഡൽഹി പോലീസിലേക്കും സബ് ഇൻസ്‌പെക്ടർ തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് സെലക്ഷൻ കമ്മീഷനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വനിതകൾ ഉൾപ്പെടെയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. സായുധ പോലീസ് സേനയിൽ 4001 ഒഴിവുകളാണ് ഉള്ളത്. ഇതിൽ പുരുഷ ഉദ്യോഗാർത്ഥികൾക്ക് 3,693 ഒഴിവുകളും സ്ത്രീകൾക്ക് 308 ഒഴിവുകളുമാണ് ഉള്ളതെന്ന് വിജ്ഞാപനത്തിൽ പറയുന്നു.
ഡൽഹി പോലീസിൽ 186 ഒഴിവുകളാണ് ഉള്ളത്. ബിരുദധാരികൾക്കാണ് അപേക്ഷിക്കാൻ അവസരം. തിരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ മെയ് 9,10, 13 തീയതികളിൽ നടക്കും. അംഗീകൃത സർവകലാശാലകളിൽ നിന്ന് നേടിയ ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. അവസാന വർഷ പരീക്ഷ എഴുതാനിരിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.
ഡൽഹി പോലീസിലേക്ക് അപേക്ഷിക്കുന്ന പുരുഷ ഉദ്യോഗാർത്ഥികൾക്ക് ശാരീരികക്ഷമതാ പരീക്ഷയ്‌ക്ക് മുമ്പായി എൽഎംവി ലൈസൻസ് നേടിയിരിക്കണം. 20-നും 25-നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാൻ അവസരം. പുരുഷന്മാർക്ക് 170 സെ.മി-വനിതകൾക്ക് 157 സെ.മി എന്നിങ്ങനെയാണ് നിഷ്‌കർശിച്ചിരിക്കുന്ന ഉയരം. പുരുഷന്മാർക്ക് 80 സെ.മീ. നെഞ്ചളവും ഉണ്ടായിരിക്കണം. അപേക്ഷകർക്ക് ഉയരത്തിന് അനുസരിച്ചുള്ള ശരീര ഭാരം ഉണ്ടായിരിക്കണം. മികച്ച കാഴ്ച ശക്തിയും നിർബന്ധമാണ്.
പേപ്പർ-1, പേപ്പർ 2 എന്നിങ്ങനെ രണ്ട് പരീക്ഷകളും ശരീരികക്ഷമതാ പരീക്ഷ, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. ഒന്നാം പേപ്പർ പരീക്ഷയിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവർക്ക് ശാരീരികക്ഷമതാ പരീക്ഷ നടത്തും. ഇതിലും യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികളാണ് രണ്ടാം പേപ്പർ അഭിമുഖീകരിക്കേണ്ടത്. ഒബ്ജക്ടീവ് മൾട്ടിപ്പിൾ ചോയ്‌സ് മാതൃകയിലായിരിക്കും ഇരു പരീക്ഷകളും നടക്കുക. തെറ്റുത്തരത്തിന് 0.25 നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. രണ്ട് മണിക്കൂറാണ് പരീക്ഷാ സമയം.
കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷ കേന്ദ്രങ്ങളുണ്ടാകും. ഓരോ ഉദ്യോഗാർത്ഥികൾക്കും ഒരു റീജിയണിൽ മൂന്ന് കേന്ദ്രങ്ങൾ മുൻഗണനാ ക്രമത്തിൽ തിരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ ഇവ പിന്നീട് മാറ്റാനാകില്ല. 100 രൂപയാണ് അപേക്ഷാ ഫീസ്. ഓൺലൈൻ മുഖേനയാണ് അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടത്. വനിതകൾക്കും, എസ്‌സി, എസ്ടി വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്കും വിമുക്തഭടന്മാർക്കും ഫീസ് അടയ്‌ക്കേണ്ടതില്ല. മാർച്ച് 28 വരെ അപേക്ഷ സ്വീകരിക്കുന്നതാണ്.