തിരുവനന്തപുരം: സംസ്ഥാനത്ത് 22 ഇടങ്ങളിൽ ഡ്രൈവിംഗ് സ്‌കൂളുകൾ ആരംഭിക്കാനൊരുങ്ങി കെഎസ്ആർടിസി. ടെസ്റ്റ് ഗ്രൗണ്ടുകൾ ഉൾപ്പെടെ സജ്ജീകരിക്കാനാണ് നീക്കം. ഇത് സംബന്ധിച്ച് കെഎസ്ആർടിസി എംഡി പ്രമോജ് ശങ്കർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മാർച്ച് 30-നുള്ളിൽ ഡ്രൈവിംഗ് സ്‌കൂളുകൾ ആരംഭിക്കാനാണ് തീരുമാനം. ഈ സമയത്തിനുള്ളിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കി എംവിഡി ഡ്രൈവിംഗ് സ്‌കൂൾ ലൈസൻസ് നേടാൻ ഡിപ്പോ മേധാവികൾക്ക് അടിയന്തര നിർദ്ദേശം നൽകി.
ആവശ്യമായ രേഖകൾ ഉൾപ്പെടെ ഉടൻ തന്നെ ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കണം. ക്ലാസ് റൂം, പരിശീലന ഹാൾ, വാഹനങ്ങൾ, മൈതാനം, ഓഫീസ്, പാർക്കിംഗ് സൗകര്യം, ടെസ്റ്റിംഗ് ഗ്രൗണ്ട് എന്നിവയാണ് തയാറാക്കേണ്ടത്. പരിശീലകരെയും നിയോഗിക്കണം. പരിശീലന ഹാളിലേക്ക് വേണ്ട യന്ത്ര സാമഗ്രികൾ സെൻട്രൽ, റീജിയണൽ വർക്ക്‌ഷോപ്പ് മേധാവികൾ സജ്ജീകരിക്കേണ്ടതുണ്ട്.
പരിശീലന വാഹനങ്ങൾക്ക് ഇരട്ട നിയന്ത്രണ സംവിധാനം അഥവാ ക്ലച്ച് ബ്രേക്ക് എന്നിവ രണ്ടാഴ്ചക്കുള്ളിൽ സജ്ജീകരിക്കും. തിരുവനന്തപുരം സ്റ്റാഫ് ട്രെയിനിംഗ് കോളേജ് മേധാവിക്കാണ് മേൽനോട്ടച്ചുമതല. അട്ടക്കുളങ്ങര, എടപ്പാൾ, അങ്കമാലി, പാറശ്ശാല, ഈഞ്ചക്കൽ, ആനയറ, ആറ്റിങ്ങൽ, ചാത്തന്നൂർ, ചടയമംഗലം, മാവേലിക്കര, പന്തളം, പാലാ, കുമളി, അങ്കമാലി, പെരുമ്പാവൂർ, ചാലക്കുടി, നിലമ്പൂർ, പൊന്നാനി, ചിറ്റൂർ, കോഴിക്കോട്, മാനന്തവാടി, തലശ്ശേരി, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് ഡ്രൈവിംഗ് സ്‌കൂളുകൾ വരുന്നത്.