ഡൽഹി: പാക് അധീന കശ്മീർ(PoK) ഭാരതത്തിന്റെ ഭാഗമാണെന്ന നിലപാട് ശക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാക് അധീന കശ്മീരിൽ താമസിക്കുന്ന ഹിന്ദുക്കളാണെങ്കിലും മുസ്ലീങ്ങളാണെങ്കിലും അവർ ഭാരതീയരാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയതിനെപ്പറ്റി ഇന്ത്യാ ടുഡേ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ പാർട്ടികൾ മുസ്ലീം സമുദായത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പൗരത്വം എടുത്തുകളയാൻ സിഎഎയിൽ വ്യവസ്ഥയില്ലെന്നും അമിത് ഷാ വ്യക്തമാക്കി.
“സ്വാതന്ത്ര്യം ലഭിക്കുമ്പോൾ പാകിസ്താനിൽ 23 ശതമാനം ഹിന്ദുക്കളുണ്ടായിരുന്നു. ഇന്ന് 2.7 ശതമാനം ഹിന്ദുക്കൾ മാത്രമാണ് പാകിസ്താനിൽ ഉള്ളത്. ബാക്കിയുള്ളവർ എവിടെ പോയി? അവർക്ക് എന്ത് സംഭവിച്ചു? പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മതം മാറ്റാനും വിവാഹം കഴിക്കാനും നിർബന്ധിച്ചു. അവർ അതിക്രമങ്ങൾ നേരിട്ടു. അതിന് ഇരകളായവർ ഭാരതത്തിൽ വന്നു. അവരുടെ അമ്മമാരുടെയും സഹോദരിമാരുടെയും മാനം സംരക്ഷിക്കാൻ അവർ ഭാരതത്തിൽ അഭയം പ്രാപിച്ചു. അവർക്ക് പൗരത്വം നൽകേണ്ടേ?”
“സിഎഎയിൽ ഞങ്ങൾ ഉൾപ്പെടുത്തിയ മൂന്ന് രാജ്യങ്ങളും(പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്) ഇസ്ലാമിക രാജ്യങ്ങളാണ്. പൗരത്വം നൽകുന്നതുൾപ്പെടെയുള്ള വലിയ തീരുമാനങ്ങൾ നിരവധി ഉദാഹരണങ്ങൾ പരിഗണിച്ചാണ് എടുക്കുന്നത്. ബലൂചിനെപ്പോലെ മറ്റേതെങ്കിലും സമൂഹം ഭാവിയിൽ ഞങ്ങളെ സമീപിച്ചാൽ ഞങ്ങൾ അവരുടെ പൗരത്വത്തെപ്പറ്റിയും ചിന്തിക്കും. പാക് അധീന കശ്മീർ(പിഒകെ) ഭാരതത്തിന്റെ ഭാഗമാണ്. അവിടുത്തെ മുസ്ലീങ്ങളാകട്ടെ, ഹിന്ദുക്കളാകട്ടെ അവരെല്ലാം ഭാരതത്തിന്റെ സ്വന്തമാണ്”- അമിത് ഷാ പറഞ്ഞു.