തിരുവനന്തപുരം: കാട്ടാനകൾ ജനവാസമേഖലകളിൽ ഇറങ്ങുന്നത് നിയന്ത്രിക്കാൻ വനാതിർത്തികളിൽ പെരുന്തേനീച്ചക്കൂടുകൾ സ്ഥാപിക്കാൻ പദ്ധതിയിട്ട് വനം വകുപ്പ്. ആഫ്രിക്കൻ മോഡലിൽ തേനീച്ചക്കൂടുകൾ സ്ഥാപിച്ചാൽ കരടികൾ കൂട്ടത്തോടെ തേൻ അകത്താക്കാൻ നാട്ടിലിറങ്ങുമോയെന്ന ആശങ്കയുമുണ്ട്. വിഷയം വിശദമായി പഠിച്ച് റിപ്പോർട്ട് നൽകാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡി. ജയപ്രസാദിനെ മുഖ്യമന്ത്രി പിണറായി വിജയൻ ചുമതലപ്പെടുത്തി.
വനാതിർത്തിയിൽ പ്രത്യേക തരം തേനീച്ചക്കൂടുകൾ സ്ഥാപിച്ചാൽ കാടിറങ്ങുന്ന കാട്ടാനകളെ തേനീച്ചക്കൂട്ടം തുരത്തുമെന്നാണ് വനം വകുപ്പിന്റെ അനുമാനം. ആഫ്രിക്കൻ രാജ്യങ്ങളിൽ നാട്ടിലിറങ്ങുന്ന കാട്ടാനകളെ തിരിച്ചോടിക്കാൻ വിജയകരമായി പരീക്ഷിച്ച തന്ത്രമാണ് കേരളത്തിലും നടപ്പിലാക്കുന്നത്. കരടി ശല്യം കുറവായ മലയാറ്റൂർ മേഖലയിലാണ് പരീക്ഷണാർത്ഥം തേനീച്ചക്കൂടുകൾ ആദ്യം സ്ഥാപിക്കാൻ വനം വകുപ്പിന്റെ ആലോചന.
വിജയിച്ചാൽ കാട്ടാന ശല്യം കൂടുതലായ മറ്റ് മേഖലകളിൽ കൂടുകൾ സ്ഥാപിക്കും. അതേസമയം തേൻ കൂടുകളിലെ മെഴുക് ഉരുകുന്നതിന്റെ മണം പടർന്നാൽ കരടികൾ കാട്ടിൽ നിന്ന് പുറത്തേക്ക് വരുമെന്ന് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. നേരത്തെ തിരുവനന്തപുരത്ത് പാലോട് മേഖലയിൽ റബർ തോട്ടങ്ങളിൽ തേനീച്ചക്കൂടുകൾ സ്ഥാപിച്ചതിന് പിന്നാലെ കരടികൾ കാടിറങ്ങിയിരുന്നു.