അമിതാഭ് ബച്ചൻ ആശുപത്രിയിലാണെന്നും ആൻജിയോപ്ലാസ്റ്റി കഴിഞ്ഞെന്നുമുള്ള വാർത്ത വ്യാജമാണെന്ന് സ്ഥിരീകരിച്ച് താരം. കഴിഞ്ഞ ദിവസം രാത്രി ISPL ഫൈനൽ മത്സരം കാണാൻ മുംബൈയിൽ താരം എത്തിയിരുന്നു. ഇതിനിടെ അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് മാദ്ധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചപ്പോഴാണ് വ്യാജവാർത്തയാണെന്ന് താരം സ്ഥിരീകരിച്ചത്.
ഇന്നലെ ഉച്ചയോടെയായിരുന്നു ബച്ചൻ മുംബൈയിലുള്ള കോകിലാബെൻ ആശുപത്രിയിലാണെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കാലിൽ രക്തം കട്ടപിടിച്ചതായും ആൻജിയോപ്ലാസ്റ്റി കഴിഞ്ഞെന്നുമായിരുന്നു റിപ്പോർട്ട്. എന്നാൽ രാത്രിയോടെ അമിതാഭ് ബച്ചനും മകൻ അഭിഷേകും താനെയിലുള്ള ദാദോജി സ്റ്റേഡിയത്തിൽ പ്രത്യക്ഷപ്പെട്ടു. പതിവ് പരിശോധനകൾക്കായി ബച്ചൻ ആശുപത്രിയിലെത്തിയ സംഭവത്തെ മാദ്ധ്യമങ്ങൾ വളച്ചൊടിച്ചുവെന്നാണ് വിലയിരുത്തൽ.