ന്യൂഡൽഹി: തടവിൽ കഴിയുന്ന വിഘടനവാദി നേതാവും ഭീകരാക്രമണക്കേസ് പ്രതിയുമായ യാസിൻ മാലിക്കിന്റെ സംഘടന ജമ്മുകശ്മീർ ലിബറേഷൻ ഫ്രണ്ടിന്റെ (JKLF) നിരോധനം നീട്ടി കേന്ദ്രസർക്കാർ. അടുത്ത അഞ്ച് വർഷവും JKLF നിരോധിത സംഘടനയായി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ജമ്മുകശ്മീരിൽ വിഘടനവാദവും ഭീകരവാദ പ്രവർത്തനങ്ങളും JKLF തുടരുന്നുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സംഘടനയുടെ നിരോധനം നീട്ടിയത്. രാജ്യസുരക്ഷയെയും പരമാധികാരത്തേയും ഭാരതത്തിന്റെ അഖണ്ഡതയേയും വെല്ലുവിളിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്ന ഏതൊരു സംഘടനയും കടുത്ത നിയമനടപടികൾ നേരിടുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
തീവ്രവാദവിരുദ്ധ നിയമപ്രകാരവും യുഎപിഎ പ്രകാരവും 2019ലായിരുന്നു JKLF ആദ്യമായി നിരോധിച്ചത്. ഇതിന് മുന്നോടിയായി Jamat-e-Islami എന്ന സംഘടനയേയും കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു.