ഹൈദരാബാദ്: കോൺഗ്രസും ബിആർഎസും തെലങ്കാനയിലെ ജനങ്ങളുടെ എല്ലാ സ്വപ്നങ്ങളും തകർത്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്നാം തവണയും മോദി സർക്കാരിനെ അധികാരത്തിൽ കൊണ്ടുവരാനാണ് ജനങ്ങളുടെ തീരുമാനമെന്നും തെലങ്കാനയിലെത്തിയപ്പോൾ തനിക്ക് അത് നേരിട്ട് മനസിലായെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തെലങ്കാനയിലെ നാഗർകുർണൂലിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ രാജ്യം വിധി എഴുതി. രാജ്യത്തെ ജനങ്ങൾ ഫലം പ്രഖ്യാപിച്ചു കഴിഞ്ഞു. എന്റെ മുന്നിലെ ജനക്കൂട്ടം അതിന് സാക്ഷിയാണ്. ആദ്യം ബിആർഎസിന്റെ മഹാകൊള്ളയാണ് സംസ്ഥാനത്ത് നടന്നത്. ഇപ്പോൾ കോൺഗ്രസിന്റെ അഴിമതിയാണ് നടക്കുന്നത്’.
‘കഴിഞ്ഞ പത്ത് വർഷമായി തെലങ്കാനയുടെ വികസനം കേന്ദ്ര സർക്കാരിന്റെ മുൻഗണനയിലുണ്ട്. കോൺഗ്രസിന്റെയും ബിആർഎസിന്റെയും നയങ്ങൾക്കിടയിൽപ്പെട്ട് തെലങ്കാന വിഭജിച്ചു. ഈ രണ്ട് പാർട്ടികളും ചേർന്ന് തെലങ്കാനയുടെ സ്വപ്നങ്ങളെയും അഭിലാഷങ്ങളെയും തകർത്തു. കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം പാവപ്പെട്ടവരുടെ ജീവിതത്തിൽ എന്തെങ്കിലും മാറ്റമുണ്ടായോ…തെലങ്കാനയെ നശിപ്പിക്കാൻ കോൺഗ്രസിന് അഞ്ച് വർഷം പോലും വേണ്ടിവന്നില്ല’- പ്രധാനമന്ത്രി പറഞ്ഞു.