ഒരു ജോലി കിട്ടിയിട്ട് വേണം ലീവെടുക്കാൻ എന്ന ചൊല്ലിന് ഈ ഉത്തർ പ്രദേശുകാരൻ ഒരു അപഖ്യാതിയാണ്. കാരണം കഴിഞ്ഞ 26 വർഷമായി ജോലി ചെയ്യുന്ന ഇദ്ദേഹം ഇതുവരെ എടുത്തത് ഒരേയൊരു ലീവാണ്. സംഭവം വിത്രമെന്നു തോന്നുമെങ്കിലും സത്യമാണ്. ഉത്തർപ്രദേശിലെ ദ്വാരകേഷ് ഷുഗർ ഇൻഡസ്ട്രീസ് ലിമിറ്റഡിൽ ക്ലർക്കായ തേജ്പാൽ സിംഗാണ് ജോലിയെ ലഹരിയാക്കിയ ഉദ്യോഗസ്ഥൻ.
ഞായറാഴ്ചയോ എന്തിനേറെ ഹോളി, ദീപാവലി എന്നീ അവധി ദിവസങ്ങളിൽപ്പോലും ഇദ്ദേഹം ജോലിക്കെത്തും. ഈ 26 വർഷത്തിൽ ഒരു തവണ മാത്രമാണ് അദ്ദേഹം ലീവിന് അപേക്ഷിച്ചത്. അത് 2001ൽ സഹോദരന്റെ വിവാഹത്തിനായിരുന്നു. ആത്മാർത്ഥതയുടെ പ്രതിരൂപമായ തേജ്പാൽ സിംഗ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും തന്റെ പേരെഴുതി ചേർത്തു.
കമ്പനി വർഷത്തിൽ 45 ലീവുകൾ അനുവദിക്കുന്നുണ്ടെങ്കിലും ഇതൊന്നും തേജ്പാൽ സിംഗ് എടുക്കാറില്ല. ഭാര്യയ്ക്കും നാല് കുട്ടികൾക്കുമൊപ്പം ബിജ്നോറിലാണ് തേജ്പാലിന്റെ താമസം. ഒപ്പം അദ്ദേഹത്തിന്റെ രണ്ട് ഇളയ സഹോദരന്മാരുമുണ്ട്. കമ്പനി തന്നെ പലകുറി അങ്ങോട്ട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇദ്ദേഹം ലീവെടുക്കാറില്ല.
എന്നാൽ ഇത്തരത്തിൽ അവധിയില്ലാതെ ജോലി ചെയ്യുന്നത് ഇദ്ദേഹത്തിന്റെ മാനസികാരോഗ്യത്തിന് നല്ലതല്ലെന്നാണ് വിദഗ്ധരുടെ വാദം. സ്വകാര്യ ആവശ്യങ്ങൾപ്പോലും ജോലികൾക്കായി പതിവായി വേണ്ടെന്ന് വയ്ക്കുന്നത് വലിയ മാനസിക സമ്മർദ്ദമുണ്ടാക്കുമെന്നും അവർ പറയുന്നു. തുടർച്ചയായി ജോലി ചെയ്യുന്നത് അദ്ദേഹത്തിന്റെ പ്രകടനത്തെയും ബാധിക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു.