ബെംഗളൂരു: ഉസ്ബെക്കിസ്ഥാൻ സ്വദേശിനിയെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. അസം സ്വദേശികളും ഹോട്ടലിലെ ജീവനക്കാരുമായ അമൃത്, റോബർട്ട് എന്നിവരാണ് അറസ്റ്റിലായത്. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
പണം തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് പ്രതികൾ യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. മോഷണശ്രമത്തിനിടെ പ്രതികൾ യുവതിയെ ആക്രമിക്കുകയായിരുന്നു. തലയിണ കൊണ്ട് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രതികൾ യുവതിയുടെ മൊബൈൽ ഫോണും പണവും തട്ടിയെടുത്തതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് 37-കാരിയായ ഉസ്ബെകിസ്ഥാൻ സ്വദേശിനിയെ ബെംഗളുരുരവിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാർച്ച് അഞ്ചിന് സെറീൻ നഗരത്തിലെത്തിയ യുവതി ശേഷാദ്രിപുരം ഏരിയയിലാണ് താമസിച്ചിരുന്നത്. പുലർച്ചെ ഹോട്ടൽ അധികൃതരാണ് മൃതദേഹം കണ്ടെത്തിയത്. യുവതി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.