ജയസൂര്യയെ കേന്ദ്രകഥാപാത്രമാക്കി റോജിൻ തോമസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ബ്രഹ്‌മാണ്ഡ ചലച്ചിത്രമാണ് കത്തനാർ. വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കഴിഞ്ഞ ദിവസം തെന്നിന്ത്യൻ താരസുന്ദരി അനുഷ്‌ക ഷെട്ടിയും ചിത്രത്തിൽ ജോയിൻ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സൂപ്പർ സ്റ്റാർ പ്രഭു ദേവയും കത്തനാരിൽ ജോയിൻ ചെയ്തുവെന്ന വാർത്തകൾ പുറത്തു വരുന്നത്. ജയസൂര്യക്കും ഗോകുലം ഗോപാലനുമൊപ്പമുള്ള പ്രഭുദേവയുടെ ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.
പൃഥ്വിരാജ് നായകനായിയെത്തിയ ഉറുമിയാണ് പ്രഭുദേവ അവസാനമായി അഭിനയിച്ച മലയാള ചിത്രം. 2011ലാണ് ഉറുമി പുറത്തിറങ്ങിയത്. 13 വർഷങ്ങൾ പിന്നിട്ട് വീണ്ടും പ്രഭുദേവ കത്തനാരിലൂടെ മലയാള സിനിമാ ലോകത്തേക്ക് തിരിച്ചു വരുന്നതിന്റെ കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ.
കത്തനാരിലൂടെ ഒരു ദൃശ്യവിരുന്ന് തന്നെയായിരിക്കും പ്രേക്ഷകർക്ക് ലഭിക്കുകയെന്നാണ് അണിയറപ്രവർത്തകർ പറുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് സിനിമ നിർമ്മിക്കുന്നത്. നീൽ ഡി കുഞ്ഞ ഛായാഗ്രഹണവും, രാഹുൽ സുബ്രഹ്‌മണ്യൻ ഉണ്ണി ചിത്രത്തിന്റെ സംഗീതവും നിർവ്വഹിക്കുന്നു. 30ലധികം ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. കത്തനാരിന്റെ ആദ്യ ഭാഗം ഈ വർഷം തന്നെ പുറത്തിറങ്ങും.