ഡൽഹി: ഭാരതത്തിന്റെ ഭാവിയെപ്പറ്റിയുള്ള തന്റെ കാഴ്ചപ്പാടുകൾ വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തലക്കെട്ടുകൾക്കായി ഒരിക്കലും പ്രവർത്തിച്ചിട്ടില്ലെന്നും സമയപരിധിക്കുള്ളിൽ ജോലി പൂർത്തിയാക്കാനാണ് താൻ ശ്രമിച്ചിട്ടുള്ളതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 2047-ലെ ഭാരതത്തെപ്പറ്റിയാണ് താൻ ഇപ്പോൾ ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേ കോൺക്ലേവ് 2024-ൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി പങ്കെടുത്ത ആദ്യ പൊതുവേദിയാണിത്.
“2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണോ എന്നാണ് നിങ്ങൾ ചോദിക്കുന്നത്. നിങ്ങൾ 2029-ൽ കുടുങ്ങി കിടക്കുകയാണ്. ഞാൻ 2047-ലേക്കുള്ളത് പ്ലാൻ ചെയ്യുകയാണ്. ഏറ്റവും വലിയ ജനാധിപത്യ ഉത്സവമായ തിരഞ്ഞെടുപ്പ് ആഘോഷിക്കാനുള്ള പ്രക്രിയ ആരംഭിച്ച് കഴിഞ്ഞു. ഒരു കാര്യം ഉറപ്പാണ്, ലോകം മുഴുവൻ അനിശ്ചിതത്വങ്ങളെ അഭിമുഖീകരിക്കുന്ന ഈ സമയത്തും ഭാരതം അതിവേഗം വികസിച്ചുകൊണ്ടേയിരിക്കും. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കുക, വികസിത ഭാരതം കെട്ടിപ്പടുക്കുക. ഇതാണ് രാജ്യം മുഴുവൻ ചിന്തിക്കുന്നത്. ഞാൻ തലക്കെട്ടുകൾക്ക് വേണ്ടി പ്രവർത്തിക്കാറില്ല. സമയപരിധിക്കുള്ളിൽ ജോലി പൂർത്തിയാക്കാനാണ് ഞാൻ എന്നും ശ്രമിക്കുന്നത്”.
“2014-ന് മുമ്പ് വടക്കുകിഴക്കൻ മേഖലകളെ സർക്കാരുകൾ പരിഗണിച്ചിരുന്നില്ല. 2014-ന് ശേഷം ഞങ്ങളുടെ മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും ജില്ലാ ആസ്ഥാനങ്ങളിൽ മാത്രമല്ല, വടക്കുകിഴക്കൻ മേഖലകളിലെ ഉൾപ്രദേശങ്ങളിലും പര്യടനം നടത്തി. ഈ മേഖലയിലെ ഗ്രാമങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ ബിജെപി ഭരണകാലത്ത് വലിയ മാറ്റം വന്നു. നമ്മുടെ കേന്ദ്രമന്ത്രിമാർ 680 തവണ വടക്കുകിഴക്കൻ മേഖല സന്ദർശിച്ചിട്ടുണ്ട്. വടക്കുകിഴക്കൻ മേഖലയിലേക്ക് ഞാൻ മാത്രം നടത്തിയത്, മുൻ പ്രധാനമന്ത്രിമാർ നടത്തിയ സംയോജിത യാത്രകളേക്കാൾ അധികമാണ്. ഭാരതത്തിന്റെ അവസാന ഗ്രാമങ്ങൾ എന്ന് വിളിക്കപ്പെട്ടിരുന്ന ഗ്രാമങ്ങളെ ആദ്യത്തെ ഗ്രാമങ്ങൾ എന്ന് വിളിക്കാൻ തുടങ്ങി. ഞങ്ങളുടെ 17 ക്യാബിനറ്റ് മന്ത്രിമാർ അവിടെ സന്ദർശിക്കുകയും രാത്രി മുഴുവൻ തങ്ങുകയും ചെയ്തു”-പ്രധാനമന്ത്രി പറഞ്ഞു.















