ന്യൂഡൽഹി: മഥുരയിലെ ജനങ്ങളെ സേവിക്കാനുള്ള മൂന്നാമത്തെ അവസരമാണ് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ ലഭിച്ചിരിക്കുന്നതെന്ന് ബിജെപി എംപി ഹേമമാലിനി. തിരഞ്ഞെടുപ്പിനായുള്ള ആവേശത്തിലാണെന്നും ഇത്തവണ 400 സീറ്റുകളെന്ന പ്രധാനമന്ത്രിയുടെ സ്വപ്‌നം സഫലമാകുമെന്നും ഹേമമാലിനി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികളുടെ പ്രഖ്യാപനത്തിന് ശേഷം മാദ്ധ്യമങ്ങളോടായിരുന്നു ഹേമമാലിനിയുടെ പ്രതികരണം.
” ലോക്‌സഭാ തിരഞ്ഞെടുപ്പിനായി എല്ലാവരും വളരെയധികം ആവേശത്തിലാണ്. ഇത് മൂന്നാമത്തെ തവണയാണ് മഥുരയെ സേവിക്കാനുള്ള അവസരം എനിക്ക് പ്രധാനമന്ത്രി നൽകുന്നത്. ബിജെപി അധികാരത്തിലേറുന്നതോടെ ഇന്ത്യയുടെ ശോഭനഭാവിക്കായി മികച്ച പ്രവർത്തനങ്ങൾ രാജ്യത്തുടനീളം നടപ്പിലാക്കും. വരും വർഷങ്ങളിലും മഥുരയിൽ വികസന പ്രവർത്തനങ്ങൾ കാഴ്ചവയ്‌ക്കുന്നതിനായി ജനങ്ങൾ പിന്തുണയ്‌ക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. മഥുരയിലെ ജനങ്ങളെ തന്നെ സേവിക്കാൻ അവസരം നൽകിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഞങ്ങളുടെ ‘രാധാ റാണിക്കും’ നന്ദി പറയുന്നു”.- ഹേമമാലിനി പറഞ്ഞു.
വികസിത ഭാരതമെന്ന സ്വപ്‌നത്തിലേക്കാണ് പ്രധാനമന്ത്രി അടുത്തുകൊണ്ടിരിക്കുന്നത്. അതിനായി നാം ഏവരും അദ്ദേഹത്തിനൊപ്പം അണിചേരണം. മഥുരയിലെ കണക്റ്റിവിറ്റികൾ, വിദ്യാഭ്യാസം മറ്റു സംവിധാനങ്ങൾ തുടങ്ങിയവ വിപുലീകരിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ കാഴ്ചവയ്‌ക്കുമെന്നും ഹേമമാലിനി വ്യക്തമാക്കി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മഥുര മണ്ഡലത്തിൽ മത്സരിച്ച ഹേമ, രാഷ്‌ട്രീയ ലോക്ദൾ സ്ഥാനാർത്ഥിയായിരുന്ന ജയന്ത് ചൗദധരിയെ പരാജയപ്പെടുത്തിയാണ് എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്. 2019ൽ രണ്ടാം വട്ടവും മഥുരയിൽ നിന്നും ഹേമമാലിനി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.















