ന്യൂഡൽഹി: റോഡ് നിർമ്മാണത്തിൽ കഴിഞ്ഞ ഒൻപത് വർഷം കൊണ്ട് ഇന്ത്യ ഏഴ് ലോക റെക്കോർഡുകൾ സൃഷ്ടിച്ചുവെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. 50 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് ഈ കാലയളവിനുള്ളിൽ അഴിമതിയില്ലാതെ പൂർത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
” 2014ൽ കേന്ദ്രമന്ത്രിയായി ചുമതലയേൽക്കുമ്പോൾ വനം, പരിസ്ഥിതി, റെയിൽവേ എന്നീ വിഭാഗങ്ങളിൽ നിന്നുള്ള അനുമതി ലഭിക്കാതെ നാനൂറിലധികം പദ്ധതികൾ മുടങ്ങിക്കിടക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. ഭൂമി ഏറ്റെടുക്കുന്നതിൽ ഉൾപ്പെടെ വലിയ കാലതാമസമാണ് ഉണ്ടായിരുന്നത്. മൂന്ന് ലക്ഷം കോടിയോളം രൂപയായിരുന്നു ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി. എന്നാൽ എൻഡിഎ സർക്കാർ ഭരണത്തിലേറിയതിന് പിന്നാലെ ജോലികൾ വളരെ വേഗത്തിലാക്കുകയും, നടപ്പാക്കാനാകില്ലെന്ന് ഉറപ്പുള്ള പദ്ധതികൾ റദ്ദാക്കുകയും ചെയ്ത് കൊണ്ട് തന്നെ ബാങ്കുകളേയും സഹായിക്കാനായി.
വനം, പരിസ്ഥിതി ഉൾപ്പെടെ ഏത് വകുപ്പിൽ നിന്നും 90 ശതമാനം ക്ലിയറൻസ് ഇല്ലാതെ ഇപ്പോൾ പദ്ധതികൾക്ക് അനുമതി നൽകാറില്ല. ഗതാഗത വകുപ്പിലെ ഓരോ അംഗങ്ങൾക്കുമാണ് ഇതിന്റെ അംഗീകാരം നൽകുന്നത്. അതേപോലെ പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് മുകളിലായി ഇലക്ട്രിക് വാഹനങ്ങളെയാണ് മന്ത്രാലയം ഏറ്റവും നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കുന്നത്. നഗരങ്ങളിൽ ഡീസൽ ബസുകൾക്ക് പകരമായി ഇലക്ട്രിക് ബസുകൾ സ്ഥാനം പിടിച്ചു തുടങ്ങി. അഞ്ച് വര്‍ഷത്തിനുള്ളില്‍ ദീർഘദൂര ബസുകൾ പോലും ഇലക്ട്രിക് വാഹനങ്ങളായിരിക്കുമെന്നും” ഗഡ്കരി പറഞ്ഞു.
സിൽക്യാര-ബാർകോട്ട് തുരങ്ക നിർമ്മാണത്തിനിടെ ഉണ്ടായ അപകടത്തെ കുറിച്ചും അദ്ദേഹം മനസ് തുറന്നു. ” 40 തൊഴിലാളികളാണ് തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നുണ്ടായ അപകടത്തിൽ പെട്ടത്. അപകടമുണ്ടായ ഹിമാലയൻ ഭൂപ്രദേശം അങ്ങേയറ്റം അപകടസാധ്യതകൾ നിറഞ്ഞതും, റോഡ് നിർമ്മിക്കാൻ ദുഷ്‌കരവുമായ ഭാഗമാണ്. എന്നാൽ റോഡുകളും തുരങ്കങ്ങളും നിർമ്മിക്കുന്നത് അവസാനിപ്പിക്കുമെന്നല്ല അതിന്റെ അർത്ഥം. സ്വീഡിഷ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇപ്പോൾ റോഡുകൾ നിർമ്മിക്കുന്നത്. ചൈനയെ പോലെയുള്ള രാജ്യങ്ങളുടെ ഭീഷണി തടയുന്നതിന് ഈ മേഖലകളിൽ റോഡുകളും തുരങ്കങ്ങളും വളരെ ആവശ്യമാണ്. ഈ തുരങ്കങ്ങളിലൂടെ സൈനികർക്ക് അതിവേഗം അതിർത്തി മേഖലകളിലേക്ക് കടക്കാനാകുമെന്നും” ഗഡ്കരി ചൂണ്ടിക്കാട്ടി.