ലക്നൗ : അയോദ്ധ്യയിൽ ഒരു കോടി ഭക്തർ ദർശനത്തിനെത്തിയതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ജനുവരി 22 മുതൽ മാർച്ച് 10 വരെയുള്ള 48 ദിവസങ്ങൾ കൊണ്ടാണ് ഇത്രയേറെ ഭക്തർ ദർശനത്തിനെത്തിയത് .
ബി.ജെ.പി ലോക്‌സഭാ സ്ഥാനാർഥി ലല്ലു സിങ്ങിനെ പിന്തുണച്ച് ജിഐസി ഗ്രൗണ്ടിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി . ഇക്കാലയളവിൽ അയോദ്ധ്യ ആതിഥ്യമര്യാദയുടെ മഹത്തായ മാതൃകയാണ് രാജ്യത്തിനും ലോകത്തിനും മുന്നിൽ അവതരിപ്പിച്ചത്. ഇതിന് ഇവിടുത്തെ പൗരന്മാരെ അഭിനന്ദിക്കുന്നു .
ഒരു കോടി ജനങ്ങൾക്ക് എളുപ്പത്തിലും സുരക്ഷിതമായും സമാധാനപരമായും സൗഹാർദ്ദപരമായും ദർശനം ലഭിച്ചത് ഭഗവാൻ ശ്രീരാംലല്ലയുടെ കൃപയാണ്. ഈ ദിവസം കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞങ്ങൾക്ക് അവസരം തന്നു, ഇതിനായി അദ്ദേഹത്തെയും അഭിനന്ദിക്കുന്നു.
അയോദ്ധ്യയുടെ പേര് ലോകമെമ്പാടും അലയടിക്കുകയാണ്. എല്ലാവർക്കും ദർശനത്തിനായി ഇവിടെ വരാൻ ആഗ്രഹമുണ്ട്. രാമന്റെ ജന്മസ്ഥലം ലോകത്തിലെ ഏറ്റവും മനോഹരമായ നഗരമായി മാറുകയാണ്. എസ്പിയുടെയും ബിഎസ്പിയുടെയും കോൺഗ്രസിന്റെയും സർക്കാരായിരുന്നെങ്കിൽ ഇത് സാധ്യമാകുമായിരുന്നോ . ഇവിടെ ഒരു രാജ്യാന്തര വിമാനത്താവളവും ലോകോത്തര റെയിൽവേ സ്റ്റേഷനും നാലും ആറും വരി പാത നിർമിക്കാനാകുമോ?
32,000 കോടി രൂപയുടെ വികസന പദ്ധതികളാണ് ഇപ്പോൾ നടക്കുന്നത് . രാജ്യാന്തര വിമാനത്താവളത്തിൽ ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ രാജ്യത്ത് മറ്റൊരിടത്തും ഇത്രയും വലിയ വിമാന സർവീസുകൾ ആരംഭിച്ചിട്ടില്ല. പുതിയ റെസ്റ്റോറൻ്റുകളും ഹോട്ടലുകളും വരുന്നു. ടാക്സി സർവീസ് ആരംഭിച്ചു. ഗൈഡുകൾക്ക് പരിശീലനം നൽകിയിട്ടുണ്ട്.
2017ൽ ദീപോത്സവം തുടങ്ങിയപ്പോൾ പ്രതിപക്ഷ നേതാക്കൾ അതിനെ ഔപചാരികതയെന്നു വിളിച്ചിരുന്നു. യഥാർത്ഥത്തിൽ അത് ശ്രീരാമന്റെ വരവിനുള്ള ഒരുക്കമായിരുന്നു. ഇതിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി തന്നെ എത്തിയിരുന്നു. 54 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ കഴിഞ്ഞ വിളക്കിന്റെ ഉത്സവത്തിന് എത്തിയിരുന്നു- യോഗി ആദിത്യനാഥ് പറഞ്ഞു.