കോഴിക്കോട്: സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ രോഗികളും വലയുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്നു വിതരണം നിലച്ചിട്ട് 8 ദിവസം ആവുകയാണ്. സ്റ്റോക്ക് തീർന്നതിനെ തുടർന്ന് മെഡിക്കൽ കോളേജിനോട് ചേർന്നുള്ള ഫാർമസി ഇതുവരെയും തുറന്നിട്ടില്ല. വിതരണക്കാർക്ക് കൊടുക്കുവാനുള്ള 75 കോടി രൂപ നൽകിയാൽ മാത്രമേ ഇനി മരുന്നു വിതരണം തുടരുകയുള്ളൂ. ഇതോടെ ആശുപത്രിയിൽ ശസ്ത്രക്രിയ അടക്കം മുടങ്ങുന്ന സാഹചര്യമാണുള്ളത്. ഡയാലിസിസ്, കാൻസർ രോഗികളാണ് ഏറ്റവും അധികം ബുദ്ധിമുട്ടിലായിരിക്കുന്നത്.
എട്ട് മാസത്തെ പണം കുടിശ്ശിക ആയതിനെ തുടർന്ന് വിതരണക്കാർ മരുന്ന് വിതരണം നിർത്തിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. കുടിശിക ലഭിക്കും വരെ ഇത്തരത്തിൽ മുന്നോട്ട് പോകുമെന്ന നിലപാടിലാണ് വിതരണക്കാർ. കുടിശ്ശിക തീർത്തില്ലെങ്കിൽ മാർച്ച് 31-ഓടെ സ്റ്റെന്റ് അടക്കമുള്ള ശസ്ത്രക്രിയ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന കമ്പനികളും വിതരണം നിർത്തിവയ്‌ക്കുമെന്നും വിതരണക്കാർ അറിയിച്ചിട്ടുണ്ട്.
ജീവൻ രക്ഷാ മരുന്നുകൾ, ശസ്ത്രക്രിയ ഉപകരണങ്ങൾ, ഫ്ലൂയിഡുകൾ എന്നിവ വാങ്ങിയ ഇനത്തിലാണ് എട്ട് മാസമായി പണം നൽകാതെ സർക്കാർ വിതരണക്കാരെ വലയ്‌ക്കുന്നത്. നിരവധി രോഗികളാണ് സർക്കാരിന്റെ ക്രൂരതയ്‌ക്ക് ഇരയാകുന്നത്.















