തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരമാണ് വിശാൽ. നടനായും നിർമ്മാതാവായും പ്രേക്ഷക ശ്രദ്ധ നേടിയ താരം ഇപ്പോഴിതാ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്. താരം സംവിധാന രംഗത്തേയ്‌ക്ക് കടക്കുന്നു എന്ന തരത്തിൽ നേരത്തെ വാർത്തകൾ വന്നിരുന്നെങ്കിലും ഇതിനോടൊന്നും താരം പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ഇക്കാര്യത്തിൽ വെളിപ്പെടുത്തലുമായി വിശാൽ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സമൂഹമാദ്ധ്യമങ്ങളിലൂടെ വിശാൽ പങ്കുവച്ച വീഡിയോ ശ്രദ്ധ നേടുകയാണ്. ഒരു സംവിധായകനാകണമെന്ന എന്റെ സ്വപ്‌നം സഫലമാവുകാൻ പോവുകയാണെന്ന് താരം പറഞ്ഞു.
‘ 25 വർഷമായി മനസിലുള്ള ആഗ്രഹം സഫലമാവുകയാണ്. ചെറുപ്പം മുതൽ സംവിധായകനാകണമെന്നായിരുന്നു എന്റെ സ്വപ്നം, അത് ഇപ്പോൾ സഫലമാവുകയാണ്. നടനായി വെള്ളിത്തിരയിൽ തിളങ്ങിയപ്പോഴും സിനിമ സംവിധാനം ചെയ്യണമെന്ന സ്വപ്‌നം എനിക്കൊപ്പം തന്നെ ഉണ്ടായിരുന്നു. പിന്നീട് നടനെന്ന നിലയിൽ അഭിനയത്തിൽ കൂടുതൽ ശ്രദ്ധ നൽകിയിരിന്നു. എന്നാൽ ഇപ്പോൾ സംവിധായകനായി അരങ്ങേറ്റം കുറിക്കാനുള്ള സമയമെത്തിയിരിക്കുകയാണ്.
View this post on Instagram
തുപ്പറിവാളൻ 2 ആയിരിക്കും ഞാൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം. ഒരു നവാഗത സംവിധായകൻ എന്ന നിലയിൽ നിറയെ വെല്ലുവിളികൾ നിറഞ്ഞൊരു ഉത്തരവാദിത്വമാണ് ഞാൻ ഏറ്റെടുക്കുന്നത്. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ ജോലികൾ ഇതിനോടകം ആരംഭിച്ച് കഴിഞ്ഞു. ചിത്രത്തിന്റെ ജോലികൾക്കായി ലണ്ടൻ അസർബൈജാൻ, മാൾട്ട എന്നിവിടങ്ങളിലേക്ക് പോവുകയാണ് ഞാൻ. കഠിനാധ്വാനം ചെയ്താൽ ഒരിക്കലും പരാജയപ്പെടില്ലെന്ന എന്റെ പിതാവ് ജി.കെ. റെഡ്ഡിയുടേയും നടൻ അർജുന്റെയും വാക്കുകൾ ഈയവസരത്തിൽ ഓർക്കുകയാണ്.
എന്തൊക്കെ സംഭവിച്ചാലും നിങ്ങളുടെ സ്വപ്‌നങ്ങൾ വാശിയോടെ നേടിയെടുക്കുക. ഒരു നടനെന്ന നിലയിൽ നിങ്ങൾ എനിക്ക് തന്ന പിന്തുണ ഇനിയും വേണം. എന്റെ സ്വപ്നം നേരത്തേ നിറവേറ്റാൻ സഹായിച്ചതിന് സംവിധായകൻ മിഷ്‌കിനോടും ഞാൻ നന്ദി അറിയിക്കുന്നു.’ 2017 ലാണ് തുപ്പറിവാളൻ സിനിമയുടെ ആദ്യ ഭാഗം റിലീസ് ചെയ്തത്. ചിത്രത്തിൽ സമർത്ഥനായൊരു ഡിറ്റക്ടീവിന്റെ വേഷത്തിലാണ് വിശാൽ എത്തിയത്. അനു ഇമ്മാനുവേൽ ആയിരുന്നു ചിത്രത്തിലെ നായിക.