തിരുവനന്തപുരം: കേരള പോലീസിനെ വെട്ടിലാക്കി സിബിഐ റിപ്പോർട്ട്. പത്തനംതിട്ടയിൽ ആറ് വർഷം മുൻപ് കാണാതായ ബിരുദ വിദ്യാർത്ഥിനി ജെസ്നയുടെ തിരോധാനം തുടക്കത്തിൽ അന്വേഷിച്ച പോലീസ് കേസിന്റെ സുപ്രധാന നിമിഷങ്ങൾ നഷ്ടപ്പെടുത്തിയതായാണ് റിപ്പോർട്ട്. കാണാതാകുന്ന കേസുകളിൽ ആദ്യത്തെ 48 മണിക്കൂർ നിർണായകമാണെന്നും ലോക്കൽ പോലീസ് ഇതിന് മുൻഗണന നൽകിയല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ജെസ്ന എവിടെയാണെന്ന് പോലീസിനോ, ക്രൈംബ്രാഞ്ചിനോ, സിബിഐക്കോ അറിയില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ജെസ്ന മതം മാറിയിരിക്കാം എന്ന അനുമാനത്തെ തുടർന്ന് നേരം മതം മാറിയ ഹാദിയയുമായി സിബിഐ ഉദ്യോഗസ്ഥർ സംസാരിച്ചു. പിന്നീട് പാലക്കാട് കാണാതാവുകയും കാമുകന്റെ വീട്ടിൽ പത്ത് വർഷം ഒളിവിൽ കഴിയുകയും ചെയ്ത സജിതയുടെ കേസും സിബിഐ പരിശോധിക്കുകയും താരതമ്യപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇരുകേസുകളുമായി ജെസ്ന തിരോധാനത്തിന് സാമ്യതയില്ലെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം എത്തിച്ചേർന്നത്.
ശുഭ വാർത്ത പ്രതീക്ഷിക്കാമെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചതും കേസിൽ നിർണായകമായിരുന്നുവെന്നും ജെസ്ന എവിടെയോ ഒളിവിൽ കഴിയുന്നതായുള്ള പ്രചാരണത്തിനിടയാക്കിയെന്നും റിപ്പോർട്ടിലുണ്ട്. കേരളം, തമിഴ്നാട്, കർണാടക, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തിയ ശേഷമാണ് അന്വേഷണം അവസാനിപ്പിക്കാൻ സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകിയത്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് സിബിഐ റിപ്പോർട്ട് സമർപ്പിച്ചത്.















