വയനാട്: മാനന്തവാടി മെഡിക്കൽ കോളേജിൽ വേറിട്ട പ്രതിഷേധവുമായി യുവാവ്. ചികിത്സ നൽകാത്തതിനെ തുടർന്ന് ബന്ധു മരിച്ചെന്ന് ആരോപിച്ചാണ് മാനന്തവാടി സ്വദേശി ഷോബിൻ മെഡിക്കൽ കോളേജിന്റെ ബോർഡ് പെയിന്റ് അടിച്ചു മായ്ച്ചത്. ചികിത്സാ പിഴവ് മൂലം മാനന്തവാടി മെഡിക്കൽ കോളേജിൽ മരണം സംഭവിക്കുന്നത് പതിവായിട്ടും അധികൃതർ മൗനം പാലിക്കുകയാണെന്നും ഷോബി ആരോപിക്കുന്നു.
തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് കൊയിലേരി സ്വദേശി ബിജു വർഗീസ് ഈ മാസം ആദ്യം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. എന്നാൽ ചികിത്സ നൽകിയില്ലെന്നും ചികിത്സാ പിഴവ് സംഭവിച്ചെന്നും ആരോപിച്ചായിരുന്നു ബന്ധു ഷോബിൻ മെഡിക്കൽ കോളേജ് ബോർഡിൽ പെയിന്റ് അടിച്ച് പ്രതിഷേധിച്ചത്. സംഭവത്തിൽ ഷോബിനെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു.















