3 ഇഡിയറ്റ്സ് എന്ന ബോളിവുഡ് ചിത്രത്തിലെ സുപ്രധാന സീൻ ചിത്രീകരിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തി നടൻ മാധവൻ. ഒരു പോഡ്കാസ്റ്റിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ. രാജ് കുമാർ ഹിരാനി സംവിധാനം ചെയ്ത ത്രീ ഇഡിയറ്റ്സ് ആഗോള തലത്തിൽ വലിയ വിജയമാണ് നേടിയത്. 2009 ൽ പുറത്തിറങ്ങിയ ചിത്രം ബോക്സോഫീസിൽ 450 കോടിയിലേറെ നേടിയിരുന്നു.
സിനിമയിലെ ഒരു മദ്യപാന സീനിലെ ചിത്രീകരണത്തെക്കുറിച്ചാണ് മാധവൻ വെളിപ്പെടുത്തിയത്. ചിത്രത്തിലെ മൂന്ന് കഥാപാത്രങ്ങളും ഒരു ക്ലോക് ടവറിന് മുന്നിലിരുന്ന് ഒരു മദ്യപിക്കുന്ന സീനുണ്ട്. അതിൽ അഭിനയിച്ച ആമിറും താനും ഷർമൻ ജോഷിയും യഥാർത്ഥത്തിൽ മദ്യപിച്ചിരുന്നതായാണ് നടൻ വെളിപ്പെടുത്തിയത്.
“ആമിർ ഖാന്റെ ഐഡിയ ആയിരുന്നു മദ്യപിച്ച ശേഷം അഭിനയിക്കാമെന്നത്. മദ്യപിച്ചതായി അഭിനയിക്കരുത്, മദ്യപിച്ച് മദ്യപിക്കാത്ത ആളായി അഭിയിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. 9 മണിക്ക് ഷൂട്ട് ആരംഭിക്കുമ്പോഴേക്ക് മൂന്നാല് പെഗ് അടിച്ച് 8.45 ന് ഷോട്ടിന് റെഡിയാവാനായിരുന്നു അദ്ദേഹത്തിന്റെ പ്ലാൻ.
എന്നാൽ കറണ്ട് പോയതോടെ രണ്ട് മണിക്കൂറോളം ഷൂട്ടിംഗ് വൈകി. ഇതോടെ കിക്ക് പോകാതിരിക്കാൻ ഞങ്ങൾ തുടരെ മദ്യപിച്ചു. പക്ഷെ പണി പാളിയ കാര്യം ഞങ്ങൾ അറിഞ്ഞില്ല. തെറ്റാതെ ഡയലോഗ് പറയാൻ മണിക്കൂറുകളെടുത്ത കാര്യം പോലും ഞങ്ങൾക്ക് മനസിലായില്ല. നോർമലാണെന്നാണ് കരുതിയത്. ബെംഗളൂരുവിലെ തണുത്ത കാറ്റ് ലഹരി ഇരട്ടിയാക്കി-മാധവൻ പറഞ്ഞു.
“>