അവസാന ഓവർ വരെ ആവേശം നിറച്ച വനിതാ പ്രീമിയർ ലീഗ് ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് കിരീടം. അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ക്യാപിറ്റൽസിനെ എട്ട് വിക്കറ്റിന് വീഴ്‌ത്തിയാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ കിരീടം ചൂടിയത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഡൽഹി 18.3 ഓവറിൽ 113 റൺസിന് പുറത്തായി. മികച്ച തുടക്കമായിരുന്നെങ്കിലും ആർസിബിയുടെ ബൗളിംഗ് നിരയ്‌ക്ക് മുന്നിൽ ഡൽഹിക്ക് അടിപതറി. പിന്നാലെയത്തിയ ബാംഗ്ലൂർ 19.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 115 റൺസ് നേടി. മൂന്ന് പന്തുകൾ ബാക്കി നിൽക്കെയാണ് ആർസിബി ലക്ഷ്യം മറികടന്നത്.
സോഫി ഡിവൈൻ (32), ക്യാപ്റ്റൻ സ്മൃതി മന്ദാന (31), പുറത്താകാതെ നിന്ന എല്ലിസ് പെറി (35), റിച്ച ഘോഷ് (17) എന്നിവരാണ് ബാംഗ്ലൂരിന്റെ വിജയശിൽപ്പികൾ. ഓപ്പണിംഗ് വിക്കറ്റിൽ എട്ടോവറിൽ ബാംഗ്ലൂർ 49 റൺസെടുത്തു. ശിഖാ പാണ്ഡെയാണ് സോഫി ഡിവൈനെ പുറത്താക്കിയത്. പിന്നാലെ എത്തിയ എല്ലിസ് പെറിയും ക്യാപ്റ്റൻ സ്മൃതി മന്ദാനയും ചേർന്ന് ആർസിബിയുടെ സ്കോർ നില മെച്ചപ്പെടുത്തി. മിന്നു മണിയുടെ ബോളിൽ മന്ദാന കൂടാരം കയറിയെങ്കിലും പെറിക്ക് പിന്തുണയുമായി റിച്ച ഘോഷ് എത്തിയതോടെ ബാംഗ്ലൂർ വിജയലക്ഷ്യം അനായാസം മറികടക്കുകയായിരുന്നു. പതിനാറ് വർഷത്തെ ഐപിഎൽ ചരിത്രത്തിൽ ആർസിബിയുടെ പുരുഷ ടീമിന് കഴിയാത്ത നേട്ടമാണ് രണ്ടാം സീസണിൽ തന്നെ വനിതാ ടീം സ്വന്തമാക്കിയത്.
ടോസ് നേടി ക്രീസിലിറങ്ങിയ ഡൽഹിക്ക് ഓപ്പണിംഗ് വിക്കറ്റിൽ ഷഫാലി വർമയും ക്യാപ്റ്റൻ മെഗ് ലാനിംഗും ചേർന്ന് സമ്മാനിച്ചത് വമ്പൻ തുടക്കമാണ്. ഏഴ് ഓവറിൽ നിന്നും 64 റൺസാണ് ഇരുവരും നേടിയത്. ഷഫാലിയുടെ ആക്രമണത്തെ മോളിനെക്സ് എട്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ തകർത്തു. 27 പന്തിൽ നിന്നും മൂന്ന് സിക്സും രണ്ട് ഫോറും അടക്കം 44 റൺസാണ് ഷഫാലി നേടിയത്. ഷഫാലിയുടെ മടക്കത്തോടെ ഡൽഹിയുടെ തകർച്ച ആരംഭിച്ചു. ഇതേ ഓവറിൽ തന്നെ മോളിനെക്സ് ജെമീമ റോഡ്രിഗസിനെയും അലീസ് ക്യാപ്സിയെയും പുറത്താക്കിയതോടെ ഡൽഹി പരാജയം രുചിച്ചു.
മരിസാനെ കാപ്പിനെയും ജെസ് ജോനാസെനെയും മലയാളി താരം ആശാ ശോഭന വീഴ്‌ത്തി. മിന്നു മണി (5) രാധാ യാദവ് (12) അരുന്ധതി റെഡ്ഡിയും ശിഖ പാണ്ഡെയും (5*) ചേർന്ന് ഡൽഹിയെ 113 റൺസിലെത്തിച്ചു. ഡൽഹിക്കായി സോഫി മോളിനെക്സ് നാലോവറിൽ 20 റൺസിന് മൂന്ന് വിക്കറ്റെടുത്തപ്പോൾ ശ്രേയങ്ക പാട്ടീൽ 12 റൺസിന് മൂന്ന് വിക്കറ്റും ആശ ശോഭന മൂന്നോവറിൽ 14 റൺസിന് രണ്ട് വിക്കറ്റുമെടുത്തു.















