ന്യൂഡൽഹി : 495 വർഷങ്ങൾക്ക് ശേഷം രാമജന്മഭൂമിയിൽ നിറങ്ങളുടെ ഉത്സവം . ഹോളി ആഘോഷത്തിനായി ഒരുങ്ങുകയാണ് അയോദ്ധ്യ . ഹോളി ഗംഭീരമായി ആഘോഷിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റും ഇതിനുള്ള പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. ഹോളി ആഘോഷത്തിന്റെ രൂപം എന്തായിരിക്കണം എന്നതിനെ കുറിച്ച് പുരോഹിതരുമായി ചർച്ചയും നടക്കുന്നുണ്ട്.
ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ കഴിഞ്ഞുള്ള രാംലല്ലയുടെ ആദ്യ ഹോളിയാണിത്. 1528-ൽ മുഗൾ ചക്രവർത്തിയായ ബാബറിന്റെ സൈന്യാധിപനായ മിർ ബാഖിയുടെ ആക്രമണത്തിനു ശേഷം, രാം ലല്ലയുടെ മുന്നിലുള്ള ഇത്തരം ആഘോഷങ്ങൾ പരിമിതപ്പെടുത്തിയിരുന്നു . രാംനഗരിയിലെ മറ്റ് ക്ഷേത്രങ്ങളിലും ഹോളി സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ട്. പ്രാണപ്രതിഷ്ഠയുടെ സന്തോഷം ഹോളിയിൽ നിറഞ്ഞ ആവേശത്തോടെ പ്രകടിപ്പിക്കുമെന്ന് സന്യാസിമാർ പറയുന്നു.
ഇത്തവണ ഭക്തർക്ക് രാംലല്ലയ്‌ക്കൊപ്പം ഹോളി ആഘോഷിക്കാൻ അവസരം ലഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടത്തുന്നുണ്ടെന്ന് ശ്രീരാമജന്മഭൂമി പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു. രാംലല്ലയെ പുതുവസ്ത്രങ്ങൾ അണിയിക്കുകയും വിവിധതരം വിഭവങ്ങൾ വിളമ്പുകയും ചെയ്യും. 56 തരം വിഭവങ്ങൾ വിളമ്പി ഭക്തർക്ക് പ്രസാദം വിതരണം ചെയ്യും. ഇതിനുശേഷം അബിർ-ഗുലാൽ സമർപ്പിച്ച് ഹോളി ആഘോഷിക്കും. ഇക്കുറി രാമജന്മഭൂമിയിൽ സാംസ്കാരിക പരിപാടികളും , പാട്ടുകളും നൃത്തങ്ങളുമായി ആഘോഷം കൂടൂതൽ വർണ്ണാഭമാകും .















