തൃശൂർ: ടോവിനോയുടെ ചിത്രം തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ച സംഭവത്തിൽ വിശദീകരണവുമായി ഇടത് സ്ഥാനാർത്ഥി വിഎസ് സുനിൽ കുമാർ. ടോവിനോ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ബ്രാൻഡ് അംബാസിഡർ ആണെന്നൊന്നും തനിക്ക് അറിയില്ലായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. പൂങ്കുന്നത്ത് പോയപ്പോൾ എടുത്ത ചിത്രമാണതെന്നും സംഭവം അറിഞ്ഞപ്പോൾ തന്നെ ചിത്രം പിൻവലിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ ഫോട്ടോയോ തന്നോടൊപ്പമുള്ള ഫോട്ടോയോ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമെന്ന് നടൻ ടൊവിനോ തോമസ് പ്രതികരണം നടത്തിയതിന് പിന്നാലെയാണ് സുനിൽകുമാർ പോസ്റ്റ് പിൻവലിച്ചത്. സിനിമാ ലൊക്കേഷനിലെത്തി ടൊവിനോയെ കണ്ട ശേഷമായിരുന്നു സുനിൽകുമാർ അദ്ദേഹത്തിനൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. വിജയാശംസകൾ നർന്നാണ് ടൊവിനോ യാത്രയാക്കിയതെന്നും പ്രിയ സുഹൃത്തിന്റെ സ്നേഹത്തിന് നന്ദിയെന്നുമായിരുന്നു സുനിൽകുമാർ കുറിച്ചത്.















