നിർഭയ-ഹഥ്റസ് കേസുകളിൽ ഇരകൾക്ക് വേണ്ടി ഹാജരായ ബിഎസ്പി മുൻ നേതാവ് സീമ കുശ്വാഹ ബിജെപിയിൽ ചേർന്നു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയാണ് അവരെ സ്വാഗതം ചെയ്തത്. ശ്രദ്ധാ വാൽക്കർ കൊലപാതക കേസിലും സീമയാണ് വാദി ഭാഗത്തിനായി ഹാജരായത്.
കുശ്വാഹ മായാവതിയുടെ ബിഎസ്പിയിൽ 2022നാണ് അംഗത്വം സ്വീകരിച്ചത്. നിർഭയ കേസിൽ ഇരയുടെ അമ്മയ്‌ക്ക് വേണ്ടി ഹാജരായതോടെയാണ് അവർ രാജ്യ ശ്രദ്ധയാകർഷിക്കുന്നത്. ഇതിന് പിന്നാലെ അതിജീവിതമാർക്കായി നീതിക്ക് വേണ്ടി പോരാടാൻ നിർഭയ ജ്യോതി എന്ന ട്രസ്റ്റ് സ്ഥാപിക്കുകയും ഒരു കാമ്പെയിന് തുടക്കമിടുകയും ചെയ്തു.
2012 ഡിസംബറിൽ ഡൽഹിയിൽ ഓടുന്ന ബസിൽ വച്ച് നിർഭയ എന്ന 23 കാരിയായ പാരാമെഡിക്കൽ വിദ്യാർത്ഥിനിയെ ആറുപേർ ചേർന്ന് ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയാക്കി, ബസിൽ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു. 2012 ഡിസംബർ 29-ന് സിംഗപ്പൂരിലെ ഒരു ആശുപത്രിയിൽ അവൾ മരണത്തിന് കീഴടങ്ങി.
സമാനതകളില്ലാത്ത പ്രതിഷേധത്തിനാണ് പിന്നീട് രാജ്യം സാക്ഷിയായത്. ഇരയ്‌ക്ക് നീതി ലഭിക്കാൻ ഏഴ് വർഷമെടുത്തു. നിർഭയ കേസിലെ നാല് കുറ്റവാളികളെ 2020 മാർച്ച് 20 ന് ഡൽഹിയിലെ തിഹാർ ജയിലിൽ പുലർച്ചെ 5:30 ന് തൂക്കിലേറ്റി.