കച്ച് : ശമ്പളം ആവശ്യപ്പെട്ട തൊഴിലാളികളുടെ വീടുകൾ അഗ്നിക്കിരയാക്കിയ കരാറുകാരൻ അറസ്റ്റിൽ . ഗുജറാത്തിലെ കച്ച് ജില്ലയിലാണ് 12 ദിവസവേതന തൊഴിലാളികളുടെ കുടിലുകൾക്ക് തീയിട്ടത് . സംഭവത്തിൽ കരാറുകാരൻ മുഹമ്മദ് റഫീഖിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂലി ആവശ്യപ്പെട്ട തൊഴിലാളികളെ കുടുംബത്തോടെ തീ വച്ച് കൊല്ലാൻ റഫീഖ് ശ്രമിച്ചിരുന്നുവെന്നാണ് പരാതി .
കച്ച് ജില്ലയിലെ അഞ്ജാർ മേഖലയിലാണ് സംഭവം. ഇവിടെ ഖത്രി ചൗക്കിന് സമീപം നിരവധി ദിവസക്കൂലി തൊഴിലാളികൾ കുടുംബത്തോടൊപ്പം ചേരികളിൽ താമസിക്കുന്നുണ്ട് . ഇവരുടെയെല്ലാം കരാറുകാരൻ മുഹമ്മദ് റഫീഖാണ്. ഇവിടെ നിന്ന് തൊഴിലാളികളെ ഉയർന്ന നിരക്കിൽ ഇയാൾ ജോലിക്ക് കൊണ്ടുപോകുമായിരുന്നു . എന്നാൽ, ദിവസേന 100 രൂപ മാത്രം കൂലിപ്പണിക്കാർക്ക് നൽകുകയും ബാക്കിയുള്ളത് റഫീഖ് കൈക്കലാക്കുകയും ചെയ്തു. ഇതിനുപുറമെ ചില തൊഴിലാളികൾക്ക് ദീർഘകാലമായി റഫീഖ് കൂലി നൽകാറുമില്ല.
റഫീഖ് പണം നൽകാത്തതിനെ തുടർന്ന് ശനിയാഴ്ച തൊഴിലാളികൾ ഇനി മുതൽ ജോലി ചെയ്യില്ലെന്ന് പറഞ്ഞിരുന്നു . ഇതിൽ ക്ഷുഭിതനായ റഫീഖ് തൊഴിലാളികളെ ജീവനോടെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി. പിന്നാലെയാണ് തൊഴിലാളികളുടെ ചേരിയിൽ തീപിടിത്തമുണ്ടായത് . അൽപ്പസമയത്തിനകം 12 കുടിലുകളും അഗ്നിക്കിരയായി. സംഭവസമയത്ത് ഭൂരിഭാഗം തൊഴിലാളികളും കുടിലിൽ ഉറങ്ങുകയായിരുന്നു.
പോലീസിനൊപ്പം ഫയർഫോഴ്‌സും സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കി. തീ അണച്ചതിന് ശേഷം തൊഴിലാളികൾ റഫീഖിനെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു.സംഭവത്തിന് ശേഷം റഫീഖ് ഒളിവിൽ പോയിരുന്നു. റെയിൽവേ സ്‌റ്റേഷനു സമീപം പോലീസ് റെയ്ഡ് നടത്തി ഇയാളെ പിടികൂടുകയായിരുന്നു















