കൊൽക്കത്ത : കടൽക്കൊള്ളക്കാരിൽ നിന്ന് കപ്പൽ രക്ഷിച്ചത് നാവികസേനയുടെ ദൗത്യത്തിന്റെ ഭാഗമായിട്ടാണെന്നും, 2008 മുതൽ നാവികസേന ആന്റി പൈറസി ഓപ്പറേഷനുകൾ നടത്തി വരുന്നുണ്ടെന്നും നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ. ഏതാനും മാസങ്ങളായി കടൽക്കൊള്ളക്കാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ആക്രമണങ്ങളിൽ വർദ്ധനവ് ഉണ്ടായതായും അദ്ദേഹം വ്യക്തമാക്കി.
” വളരെ നാളുകളായി നടത്തി വരുന്ന ഓപ്പറേഷനാണിത്. 2008 മുതൽ രാജ്യത്തെ നാവികസേന ആന്റി പൈറസി ഓപ്പറേഷനുകൾ നടത്തിവരുന്നുണ്ട്. എന്നാൽ മൂന്ന് നാല് മാസങ്ങൾക്ക് മുൻപായി ഇത്തരം കേസുകളിൽ പൊടുന്നനെ വർദ്ധനവ് ഉണ്ടായി. അതിന് ശേഷമാണ് നാവികസേനയുടെ കപ്പലുകൾ ഈ മേഖലകളിൽ കൂടുതലായി വിന്യസിച്ചത്. സംശയാസ്പദമായി കണ്ടെത്തുന്ന കപ്പലുകളെ പരിശോധനയ്‌ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.
എംവി റൂവൻ എന്ന ചരക്കുകപ്പൽ ഇത്തരം ഓപ്പറേഷന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കണ്ടെത്തുന്നത്. ഉടനെ തന്നെ ഞങ്ങളുടെ കപ്പലുകളെ ഇതിന് ചുറ്റുമായി വിന്യസിച്ചു. ഉടനെ തന്നെ അവർ കപ്പൽ നിർത്തി. കടൽക്കൊള്ളക്കാരെ കീഴടങ്ങാൻ നിർബന്ധിതരാക്കി. ബോട്ടിൽ 17 ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. ഭാരതത്തിന്റെ താത്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടും പ്രോത്സാഹിപ്പിച്ചുകൊണ്ടുമാണ് സേനയുടെ പ്രവർത്തനങ്ങൾ. അതാണ് ഞങ്ങളുടെ ജോലിയും. ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്ന ഓരോ പ്രവർത്തിയും ഇതാണ്. കപ്പലിൽ നിന്ന് പിടികൂടിയ സൊമാലിയൻ കടൽക്കൊള്ളക്കാരെ മുംബൈയിൽ എത്തിച്ച ശേഷം പോലീസിന് കൈമാറുമെന്നും” അദ്ദഹം പറഞ്ഞു.