തിരുവനന്തപുരം: രാജാജി നഗറിലെ ലിസിക്ക് സ്വാന്തനവുമായി എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. പണയത്തിലായ വീട് തിരിച്ചെടുക്കാൻ നടപടി സ്വീകരിക്കാമെന്ന് രാജീവ് ചന്ദ്രശേഖർ ഉറപ്പ് നൽകിയതോടെയാണ് ലിസിക്ക് ആശ്വാസമായത്.
രണ്ടര വയസിൽ പോളിയോ ബാധിച്ച ലിസി ചെറിയ കച്ചവടത്തിലൂടെ ജീവിതം തള്ളിനീക്കിയിരുന്നത്. കച്ചവടത്തിൽ നഷ്ടം സംഭവിച്ചതോടെ നാൽപ്പതുകാരിക്ക് വീട് പണയപ്പെടുത്തേണ്ടി വന്നു. ഇത് കൂടാതെ സ്വകാര്യവ്യക്തിയിൽ നിന്നും 2.5 ലക്ഷം രൂപയുടെ വായ്പയുണ്ടെന്നും കച്ചവടം മുടങ്ങിയതോടെ തിരിച്ചടവ് മുടങ്ങിയെന്നും ലിസി പറഞ്ഞു. ഇലട്രിക്ക് വീൽചെയറിലാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ കാണാനായി ലിസി എത്തിയത്. ലിസിയുടെ അടുത്തെത്തി കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞ രാജീവ് ചന്ദ്രശേഖർ വേണ്ട നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകി.
കഴിഞ്ഞ ദിവസമാണ് ചെങ്കൽചൂള രാജാജി നഗർ കോളനിയിൽ വോട്ടർമാരെ കാണാൻ രാജീവ് ചന്ദ്രശേഖർ എത്തിയത്. അദ്ദേഹത്തിന് മുന്നിൽ ദുരിതങ്ങളുടെ കെട്ടഴിച്ച പ്രദേശവാസികൾ, ഇടത് വലതുമുന്നണികളുടെ സർക്കാർ ഭരിച്ചിട്ടും തങ്ങൾക്ക് ഒരു പ്രയോജനം ലഭിച്ചിട്ടില്ലെന്ന് വേദനയോടെ പറഞ്ഞു. പ്രദേശത്ത് മിക്കവർക്കും ഒരു നല്ല വീടുപോലുമില്ല. മഴക്കാലമായാൽ മലിന ജലം വീടുകളിലേക്ക് ഇരച്ചുകയറും. മാലിന്യ നിർമാർജ്ജനത്തിനും ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും അവർ സ്ഥാനാത്ഥിയോട് ആവശ്യപ്പെട്ടു.
ഈ തിരഞ്ഞെടുപ്പോടെ തിരുവനന്തപുരത്ത് വലിയ മാറ്റങ്ങളുണ്ടാകുമെന്നും പരാതികളെല്ലാം പരിഹരിക്കപ്പെടുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇത്തവണ ഒരു മാറ്റം വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. ഇലക്ഷനിൽ കമ്മ്യൂണിസ്റ്റുകളും കോൺഗ്രസ്സുകാരും ഓരോ വാഗ്ദാനം നൽകും. ഇലക്ഷൻ കഴിഞ്ഞാൽ അവർ അതു മറക്കും. ഞാൻ അങ്ങനെയല്ല, പറയുന്നത് ചെയ്യും. അതാണ് എന്റെ ഗ്യാരന്റി.” രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കോളനിയിലെ എല്ലാ വീടുകളും അദ്ദേഹം സന്ദർശിച്ചു