തെന്നിന്ത്യൻ സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുറനാനൂറ്. സിനിമയുടെ പ്രഖ്യാപനം മുതൽ ആരാധകർ വളരെ ആവേശത്തോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. സൂരറൈപോട്ര് എന്ന ചിത്രത്തിന് ശേഷം സുധ കൊങ്ങരയും നടിപ്പിൻ നായകൻ സൂര്യയും ഒന്നിക്കുന്ന ചിത്രമാണിത്. പ്രഖ്യാപനം നടന്നിട്ട് മാസങ്ങളായെങ്കിലും ചിത്രത്തെ സംബന്ധിച്ച് മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ വിശദീകരണവുമായി സംവിധായിക സുധ കൊങ്ങര തന്നെ എത്തിയിരിക്കുകയാണ്.
View this post on Instagram
സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് സുധാ കൊങ്ങര വിശദീകരണവുമായി എത്തിയത്. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പ് സൂര്യയും ഷെയർ ചെയ്തിരുന്നു. ‘ഞങ്ങളുടെ പുതിയ ചിത്രമായ പുറനാനൂറിന് കുറച്ചുകൂടി സമയം ആവശ്യമാണ്. നിങ്ങൾ നൽകുന്ന ഈ സഹകരണം വളരെ വലുതാണ്. പ്രേക്ഷകർക്കായി മികച്ചൊരു ചിത്രം നൽകുന്നതിനായാണ് ഞങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഞങ്ങൾ ഉടനെത്തും, നിങ്ങൾ നൽകുന്ന സ്‌നേഹത്തിനും പിന്തുണയ്‌ക്കും നന്ദി’. എന്നായിരുന്നു സുധ കൊങ്ങരയുടെ കുറിപ്പ്.
മധുരയിലായിരിക്കും സിനിമയുടെ ചിത്രീകരണം നടക്കുകയെന്നാണ് വിവരം. നാല് മാസം മുമ്പ് പുറത്തുവന്ന പ്രഖ്യാപന വീഡിയോയും ശ്രദ്ധ നേടിയിരുന്നു. ദുൽഖർ സൽമാനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നസ്രിയ ഫഹദാണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം വിജയ് വർമ്മയും ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കുകയാണ്. ജിവി പ്രകാശാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സൂര്യ നായകനാകുന്ന 43-ാമാത് ചിത്രം കൂടിയാണിത്.















