ശ്രീനഗർ: ശ്രീനഗറിലെ ടുലിപ് ഗാർഡൻ മാർച്ച് 23 ന് പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും. 73 ഇനങ്ങളിൽ 17 ലക്ഷത്തിലധികം പൂക്കളുള്ള ഗാർഡൻ ലോകപ്രശസ്തമായ ദാൽ തടാകത്തിന് അഭിമുഖമായി സ്ഥിതി ചെയ്യുന്നത്.
കശ്മീരിന്റെ ടൂറിസം ഭൂപടത്തിൽ പ്രധാന പങ്കാണ് ടുലിപ് ഗാർഡൻ വഹിക്കുന്നത്. ഈ സീസണിൽ 17 ലക്ഷം പൂക്കളാണ് വിരിഞ്ഞിരിക്കുന്നതെന്ന് ഫ്ലോറികൾച്ചർ ഓഫീസർ ആസിഫ് അഹമ്മദ് പറഞ്ഞു. നൂറുകണക്കിന് ഉദ്യാനപാലകർ രാപ്പകൽ അദ്ധ്വാനിച്ചാണ് പൂന്തോട്ടം സമയബന്ധിതമായി പൂർത്തിയായത്. ആറ് മാസം മുൻപ് തന്നെ ഇതിന്റെ പ്രവർത്തികൾ ആരംഭിക്കും. ഈ വർഷം
റെക്കോർഡ് വിനോദസഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ടുലിപ്പ് പൂക്കുന്ന സീസൺ നോക്കി ധാരാളം സഞ്ചാരികൾ താഴ്വര സന്ദർശിക്കാറുണ്ട്. ഇത്തവണ പൂന്തോട്ടം കൂടുതൽ വർണ്ണാഭമാക്കാൻ ഹയാസിന്ത്സ്, ഡാഫോഡിൽസ്, മസ്കരി, സൈക്ലമെൻസ് എന്നിവയും നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഒരുമാസക്കാലമാണ് പൂന്തോട്ടം പൊതുജനങ്ങൾക്കായി തുറന്നു നൽകുന്നത്. കഴിഞ്ഞ വർഷം 3.72 ലക്ഷം പേരാണ് ഉദ്യാനം സന്ദർശിച്ചത്.

വസന്തകാലത്ത് താഴ്വരയിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനായി 2008ലാണ് ടുലിപ് ഗാർഡൻ നിർമ്മിച്ചത്. കഴിഞ്ഞ വർഷം ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് ഗാർഡൻ എന്ന ബഹുമതിയൊടെ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടിയിരുന്നു.















