തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻടിആർ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ദേവര. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ പുതിയ ഷെഡ്യൂൾ ആരംഭിച്ചു. ഗോവയിലാണ് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. ചിത്രീകരണത്തിനായി എൻടിആർ അടക്കമുള്ള താരങ്ങൾ ഗോവയിൽ എത്തിക്കഴിഞ്ഞു. വിമാനത്താവളത്തിൽ നിന്നുള്ള എൻടിആറിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
ദേവരയിലെ ഒരു ഗാനവും ചില രംഗങ്ങളുമാണ് ഗോവയിൽ ചിത്രീകരിക്കുന്നത്. ഒരാഴ്ചത്തെ ഷൂട്ടിംഗാണ് ഇവിടെ തീരുമാനിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ജനതാ ഗാരേജിന്റെ സംവിധായകൻ കൊരട്ടാല ശിവയാണ് ദേവര സംവിധാനം ചെയ്യുന്നത്. ബോളിവുഡ് താരം ജാൻവി കപൂറാണ് ചിത്രത്തിലെ നായിക. സെയ്ഫ് അലി ഖാനാണ് ചിത്രത്തിൽ പ്രതിനായക വേഷത്തിൽ എത്തുന്നത്.
2024 ഒക്ടോബർ 10 ന് ചിത്രം തീയേറ്ററുകളിലെത്തും. തെലുങ്ക്, തമിഴ്, മലയാളം, കന്നട, ഹിന്ദി എന്നീ ഭാഷകളിലാണ് ദേവര റിലീസ് ചെയ്യുക. കൊരട്ടാല ശിവ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. യുവസുധ ആർട്‌സും എൻടിആർ ആർട്‌സും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. പ്രകാശ് രാജ്, ശ്രീകാന്ത്, നരേൻ, ഷൈൻ ടോം ചാക്കോ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
ചിത്രം ഏപ്രിലിൽ റിലീസ് ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചില കാരണങ്ങളാൽ ചിത്രീകരണം നീണ്ടു പോവുകയായിരുന്നു. രണ്ട് ഭാഗങ്ങളായാണ് ദേവര ഒരുങ്ങുന്നത്. അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന് സംഗീതം നിർവ്വഹിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ഛായാഗ്രാഹകൻ രത്‌നവേലുവും എഡിറ്റർ ശ്രീകർ പ്രസാദുമാണ്.