ബെംഗളൂരു: ഹനുമാൻ ചാലിസ വെച്ചതിന് കടയുടമയ്‌ക്ക് മർദ്ദനമേറ്റ സംഭവത്തിൽ സിദ്ധരാമയ്യ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി യുവമോർച്ച ദേശീയ അദ്ധ്യക്ഷനും ബെംഗളൂരു സൗത്ത് എംപിയുമായ തേജസ്വി സൂര്യ. സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നുകൊണ്ടിരിക്കുകയാണെന്ന് തേജസ്വി സൂര്യ വിമർശിച്ചു. ബെംഗളൂരുവിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സമൂഹത്തിൽ പ്രശ്നങ്ങളും പൊരുത്തക്കേടുകളും സൃഷ്ടിക്കാനാണ് സിദ്ധരാമയ്യ സർക്കാർ ശ്രമിക്കുന്നത്. വിധാൻ സൗധയിലെ പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യവും രാമേശ്വരം കഫേയിലെ ബോംബ് സ്‌ഫോടനവും ഹനുമാൻ ചാലിസ വെച്ചതിന് ഒരു ഹിന്ദു കടയുടമയെ മർദ്ദിക്കുകയും ചെയ്തതിലൂടെ എന്ത് സന്ദേശമാണ് നിങ്ങൾ ജനങ്ങൾക്ക് നൽകാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
‘രണ്ടാഴ്ച മുമ്പ് ബോംബ് സ്‌ഫോടനമുണ്ടായി. അതിന് ഒരാഴ്ച മുമ്പ് പാകിസ്താൻ മുദ്രാവാക്യങ്ങൾ ഉയർന്നു. ഇന്ന് യാതൊരു പ്രകോപനവുമില്ലാതെ കടയുടമകൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടാകുന്നു. കോൺഗ്രസ് അധികാരത്തിൽ വരുമ്പോഴെല്ലാം സമൂഹത്തിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്നു. കോൺഗ്രസിന്റെ ഭരണത്തിന് കീഴിൽ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. ഹനുമാൻ ചാലിസ വെച്ചതിന് ക്രൂര മർദ്ദനമേറ്റ കടയുടമയ്‌ക്ക് നീതി ലഭ്യമാക്കി നൽകുന്നതിന് പകരം, അക്രമികളെ സംരക്ഷിക്കുകയാണ് കോൺഗ്രസ് സർക്കാർ ചെയ്യുന്നത് ‘- തേജസ്വി സൂര്യ പറഞ്ഞു.