ഭക്ഷണസമയം പരിമിതപ്പെടുത്തി ശരീരഭാരം കുറയ്‌ക്കുന്ന ജനപ്രിയ ഡയറ്റുകളിലൊന്നാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ് (intermittent fasting). എന്നാൽ ഇത്തരം ഡയറ്റ് പിന്തുടരുന്നവർക്ക് ഹൃദ്രോഗം മൂലമുണ്ടാകുന്ന മരണസാധ്യത 91% വർദ്ധിച്ചതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. അമേരിക്കൻ ഹാർട്ട് അസോസിയേഷനാണ് ഇതുസംബന്ധിച്ച പഠന റിപ്പോർട്ട് പുറത്തുവിട്ടത്. ഏകദേശം 50 വയസുള്ള 20,000 പേരിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ.
കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുന്ന രീതിയാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ്. അല്ലാത്ത സമയത്ത് ഉപവാസത്തിന് തുല്യമായിരിക്കുമെന്നതാണ് ഈ ഡയറ്റിന്റെ പ്രത്യേകത. ആഹാരം കഴിക്കുന്ന സമയത്തെ നിയന്ത്രിക്കുന്നതാണ് ഈ ഫാസ്റ്റിങ്ങിന്റെ രീതി. ഒരു ദിവസം എട്ട് മണിക്കൂർ മാത്രം ഭക്ഷണം കഴിക്കുകയും ശേഷിക്കുന്ന 16 മണിക്കൂർ ഉപവസിക്കുകയും ചെയ്യുന്നു.
എന്നാൽ ഇത്തരത്തിൽ 16 മണിക്കൂറോളം ഉപവസിക്കുക എന്നത് ദിവസങ്ങളോളം തുടരുമ്പോൾ ഹൃദ്രോഗ സാധ്യത വർദ്ധിക്കുന്നുവെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. ഇത് മരണത്തിലേക്ക് നയിച്ചേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. മാത്രവുമല്ല, സമയം നിയന്ത്രിച്ച് കഴിക്കുന്നു എന്നുള്ളതുകൊണ്ട് മാത്രം കൂടുതൽ കാലം ജീവിക്കുകയോ മരണസാധ്യത കുറയുകയോ ചെയ്യുന്നില്ലെന്നും പഠനത്തിൽ കണ്ടെത്തി. അസിഡിറ്റി, തൈറോയ്ഡ് എന്നിവയുള്ളവർ ഇന്റർമിറ്റന്റ് ഫാസ്റ്റിങ് രീതി പൂർണമായും ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടാറുണ്ട്.