അധോലോക കുറ്റവാളിയും കൊടും ഭീകരനുമായ ദാവൂദ് ഇബ്രാഹിമിനെ പുകഴ്‌ത്തി മുൻ പാക് ക്രിക്കറ്റ് താരവും അദ്ദേഹത്തിന്റെ ബന്ധുവുമായി ജാവേദ് മിയാൻദാദ്. പാകിസ്താൻ മാദ്ധ്യപ്രവർത്തകൻ ഹസൻ നിസാറിന് നൽകിയ അഭിമുഖത്തിലാണ് അധോലോക ഭീകരനെ മുൻ താരം മഹാനായി വാഴ്‌ത്തിയത്. ‘ദാവൂദിനെ എനിക്ക് ഏറെ കാലമായി അറിയാം. ദുബായിൽ മുതലുള്ള ബന്ധം. അദ്ദേഹത്തിന്റെ മകൾ എന്റെ മകനെ വിവാഹം കഴിച്ചത് തന്നെ ഒരു ആദരവായി കാണുന്നത്. അവൾക്ക് വലിയ വിദ്യാഭ്യാസമുണ്ട്. ദാവൂദ് മുസ്ലീങ്ങൾക്കായി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അത് ഏറെ നാൾ ഓർമിക്കപ്പെടും”.—- മിയാൻദാദ് പറഞ്ഞു.
മിയാൻദാദിന്റെ മകൻ ജുനൈദ് ദാവൂദിന്റെ മകൾ മഹ്റൂഖിനെ 2005ൽ വിവാഹം ചെയ്തത് ദുബായിൽ വൻ സുരക്ഷാവലയത്തിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു. ദാവൂദ് ഇബ്രാഹിം ഇന്ത്യ തെരയുന്ന കൊടും ഭീകരവാദിയാണ്. 1993-ൽ 260 പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്‌ഫോടന പരമ്പരയുടെ സൂത്രധാരനായ ഇയാൾ ഡി-കമ്പനി എന്ന പേരിൽ ക്രൈം സിൻഡിക്കേറ്റ് തന്നെ നടത്തിയിരുന്നു.
ഇൻ്റർപോളിന്റെ കൊടും കുറ്റവാളികളുടെ പട്ടികയിലുള്ള ദാവൂദിനെ കഴിഞ്ഞ വർഷം ഡിസംബറിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങളോടെ പാക്കിസ്താനിലെ കറാച്ചിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. വിഷം നൽകി കൊലപ്പെടുത്തിയെന്ന തരത്തിലായിരുന്നു റിപ്പോർട്ടുകളെങ്കിലും സ്ഥിരീകരണമുണ്ടായില്ല.















