ഓടുന്ന ട്രെയിനിനുള്ളിൽ പെൺകുഞ്ഞിന് ജന്മം നൽകി യുവതി. പശ്ചിമബംഗാളിലെ പടാടിക് എക്‌സ്‌പ്രസിലാണ് സംഭവം. മാൾഡയിലെത്തിയ വേളയിലായിരുന്നു ബബ്ലി ബീബി എന്ന സ്ത്രീ കുഞ്ഞിന് ജന്മം നൽകിയത്. ഇരുവരുടെയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു.
സീൽദായിൽ നിന്ന് ന്യൂ അലിപുർദുവാറിലേക്ക് പോകാനായി കയറിയതാണ് ബീബി. എന്നാൽ മാൾഡയിലെത്തിയതോടെ യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടു. ട്രെയിനിലെ ജീവനക്കാരിയുടെ സമയോചിതമായ ഇടപെടലിൽ യുവതി കുഞ്ഞിന് ജന്മം നൽകി. പിന്നാലെ മാൾഡയിലെ ജില്ലാ റെയിൽവേ ഹോസ്പിറ്റലിൽ (ഡിആർഎച്ച്) നിന്നുള്ള മെഡിക്കൽ സംഘം എത്തി ആവശ്യമായ പരിചരണം നൽകി. തുടർന്ന് ഇരുവരെയപം ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ വർഷവും സമാന സാഹചര്യത്തിൽ മുംബൈ-ഹൗറ മെയിലിൽ സ്ത്രീ കുഞ്ഞിന് ജന്മം നൽകിയിരുന്നു. ബംഗ്ലാദേശ് സ്വദേശികളായ ദമ്പതികൾ മുംബൈയിലുള്ള ആശുപത്രിയിൽ പോയി മടങ്ങും വഴി യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും ട്രെയിനിൽ കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു.















