ചണ്ഡീഗഡ്: പഞ്ചാബിലെ ലഹരി-തീവ്രവാദക്കേസിലുൾപ്പെട്ട പ്രതികളുടെ സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടി. ശൗര്യ ചക്ര പുരസ്‌കാര ജേതാവ് ബൽവീന്ദർ സിംഗ് സന്ധുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കൂടിയായ രണ്ട് പേരുടെ സ്വത്തുക്കളാണ് അന്വേഷണ ഏജൻസി കണ്ടുകെട്ടിയത്. പഞ്ചാബിലെ മൊഹാലിയിലെ പ്രത്യേക എൻഐഎ കോടതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി.
ഗുർദാസ്പൂർ സ്വദേശികളായ ഗുർവീന്ദർ സിംഗ്, ഹർബിന്ദർ സിംഗ് എന്നിവരുടെ സ്വത്തുക്കളാണ് എൻഐഎ കണ്ടുകെട്ടിയത്. ഖാലിസ്ഥാൻ ഭീകരരുമായി പ്രതികൾ ഗൂഢാലോചന നടത്തിയിരുന്നതായും ഭീകരവാദ പ്രവർത്തനങ്ങൾക്ക് പണമിടപാടുകൾ നടത്തിയതായും എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഭീകരാക്രമണത്തിന് പ്രതികൾ ആയുധങ്ങൾ നൽകിയിരുന്നതായും എൻഐഎ കണ്ടെത്തി.
2020 ഒക്‌ടോബർ 16-നാണ് സംഭവം നടന്നത്. പോലീസ് അന്വേഷണത്തിൽ പുരോഗതി ഉണ്ടാകത്തതിനെ തുടർന്ന് 2021 ജനുവരി 26-ന് കേസ് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.