ന്യൂഡൽഹി: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇഷ ഫൗണ്ടേഷൻ സ്ഥാപകനും ആത്മീയ നേതാവുമായ സദ്ഗുരുവിന്റെ മസ്തിഷ്ക ശസ്ത്രക്രിയ പൂർത്തിയായി. ഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന് തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തുകയായിരുന്നു. ദേശീയ മാദ്ധ്യമമായ എഎൻഐയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
എംആർഐ പരിശോധനയിലാണ് രക്തസ്രാവം ശ്രദ്ധിക്കാനിടയായതെന്നും ഉടൻ തന്നെ ശസ്ത്രക്രിയക്ക് വിധേയമാക്കിയെന്നും ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. വിനീത് സൂരി വ്യക്തമാക്കി. നിലവിൽ സദ്ഗുരുവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
കഴിഞ്ഞ ഏതാനും നാളുകളായി അദ്ദേഹത്തിന് തലവേദന അനുഭവപ്പെട്ടിരുന്നതായി ഡോ. സൂരി വെളിപ്പെടുത്തി. അസഹനീയമായ വേദനയുണ്ടായിരുന്നെങ്കിലും അദ്ദേഹം പതിവ് കാര്യങ്ങളിൽ തുടർന്നു. മാർച്ച് 15-ഓടെ ആരോഗ്യനില ഗുരുതരമായതിന് പിന്നാലെയാണ് അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് തവണ തലച്ചോറിൽ രക്തസ്രാവമുണ്ടായതായി എംആർഐ പരിശോധനയിൽ കണ്ടെത്തി. ഇതിൽ ആദ്യത്തേത് മൂന്നാഴ്ച മുൻപായിരുന്നു. രണ്ടാമത്തേത് 3 ദിവസം മുൻപും സംഭവിച്ചു. ബ്ലീഡിംഗിനെ തുടർന്നാണ് അദ്ദേഹത്തിന് അസഹനീയമായ തലവേദന അനുഭവപ്പെട്ടിരുന്നതെന്നും ഡോ. വിനീത് സൂരി പ്രതികരിച്ചു. അപ്പോളോ ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തിലെ ഡോക്ടർമാരുടെ നാലംഗ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.















