ന്യൂഡൽഹി: യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കിയുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ- യുക്രെയ്ൻ ബന്ധം ദൃഢപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സെലൻസ്‌കിയുമായി സൗഹൃദ സംഭാഷണത്തിലേർപ്പെട്ടതായി പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. ടെലിഫോണിലൂടെയായിരുന്നു ഇരുവരുടേയും സംഭാഷണം.
” യുക്രെയ്ൻ പ്രസിഡന്റുമായി വളരെ മികച്ചൊരു സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടാൻ ഇന്ന് സാധിച്ചു. ഇന്ത്യ- യുക്രെയ്ൻ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളുടെ ബന്ധം ദൃഢപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾ ചർച്ച ചെയ്തു. വരും വർഷങ്ങളിലും യുക്രെയ്‌നിന് ഇന്ത്യയുടെ ഭാഗത്ത് നിന്ന് മികച്ച പിന്തുണയുണ്ടാകും. യുക്രെയ്‌നിൽ നിലനിന്നിരുന്ന സംഘർഷങ്ങൾക്ക് അവസാനമായിരിക്കുന്നു. സമാധാനം നിലനിർത്തുന്നതിനായി തുടർന്നും ഇടപെടും”.- പ്രധാനമന്ത്രി കുറിച്ചു.
Had a good conversation with President @ZelenskyyUa on strengthening the India-Ukraine partnership. Conveyed India’s consistent support for all efforts for peace and bringing an early end to the ongoing conflict. India will continue to provide humanitarian assistance guided by…
— Narendra Modi (@narendramodi) March 20, 2024
ഇന്ത്യയുമായുള്ള സുഹൃദ്ബന്ധം തുടരുന്നതിന്റെ സന്തോഷം യുക്രെയ്ൻ പ്രസിഡന്റും പങ്കുവച്ചു. യുക്രെയിനിലെ ജനങ്ങൾക്ക് ഭാരതം നൽകുന്ന മാനുഷിക സഹായങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചിരുന്നു. വരും വർഷങ്ങളിലും ഇന്ത്യയുമായുള്ള സൗഹൃദം പങ്കിടാനുള്ള താത്പര്യവും യുക്രെയിൻ പ്രസിഡന്റ് വ്യക്തമാക്കി.
അതേസമയം റഷ്യൻ പ്രസിഡന്റായി അഞ്ചാം തവണയും തെരെഞ്ഞെടുക്കപ്പെട്ട വ്‌ലാഡിമർ പുടിനെയും പ്രധാനമന്ത്രി ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും ഇരുരാഷ്‌ട്രത്തലവൻമാരും ചർച്ചചെയ്തു. സമാധാനം പുനഃ സ്ഥാപിപ്പിക്കുന്ന രാജ്യമായിട്ടാണ് ഇന്ത്യയെ ഇരു രാജ്യങ്ങളും കണക്കാക്കുന്നതെന്നും ഇരു കൂട്ടരും പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് കാണാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു.