എസ്ഡിപിഐ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പങ്കെടുത്ത് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം. പ്രധാനമന്ത്രി വിളിച്ച ക്രിസ്മസ് വിരുന്നിൽ ക്രൈസ്തവ പുരോഹിതർ പങ്കെടുത്തപ്പോൾ രൂക്ഷമായി വിമർശിച്ചവർ ഇന്ന് നിരോധിത സംഘടനയുടെ ഇഫ്താർ വിരുന്നിൽ പങ്കെടുക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു.
സിപിഎമ്മിന്റെ ബുദ്ധി കേന്ദ്രമെന്ന് വിശേഷിപ്പിക്കുന്നയാളാണെന്നും അവരുടെ സ്ഥാനാർത്ഥിയുമൊക്കെയായ ആളാണ് എസ്ഡിപിഐയുടെ ഇഫ്താർ വിരുന്നിൽ പങ്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. അഭിമന്യുവിന്റെ കേസിലെ പ്രധാനപ്പെട്ട രേഖകൾ എവിടെ പോയെന്ന് ഇനി പ്രത്യകം പറയണ്ടതില്ലല്ലോെയന്നും അദ്ദേഹം പരിഹസിച്ചു.
ക്രിസ്മസിനോട് അനുബന്ധിച്ച് പ്രധാനമന്ത്രിയുടെ വസതിയിൽ വിരുന്നൊരുക്കിയതിന് പിന്നാലെ വൻ വിമർശനങ്ങളാണ് സഖാക്കൾ ഉന്നയിച്ചത്. ചില ബിഷപ്പുമാർക്ക് ബിജെപി നേതാക്കൾ വിളിച്ചാൽ പ്രത്യേക രോമാഞ്ചമാണെന്നും അവർ നൽകിയ മുന്തിരിയും വാറ്റും കേക്കും കഴിച്ചപ്പോൾ എല്ലാം മറന്നുവെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പരാമർശം. സംഭവം ഏറെ ചർച്ചയായതോടെ മാപ്പ് പറഞ്ഞ് തടിയൂരാനും മന്ത്രി മറന്നില്ല.
ചടങ്ങിൽ പങ്കെടുത്ത ബിഷപ്പുമാർ എം.എസ് ഗോൾവൽക്കർ ക്രിസ്ത്യാനികളെ കുറിച്ച് എഴുതിയത് വായിക്കണമെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപിയുടെ പരാമർശം. ക്രൈസ്തവ വിഭാഗങ്ങളെ കൂടുതല്‍ ഒപ്പം നിര്‍ത്താൻ ലക്ഷ്യമിട്ടായിരുന്നു പ്രധാനമന്ത്രി ക്രിസ്മസ് വിരുന്ന് സംഘടിപ്പിച്ചത്. സഭാ പ്രതിനിധികളും വ്യവസായ പ്രമുഖരും ഉൾപ്പടെ 60 പേരാണ് പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്തത്.